‘ഹലോ എച്ചൂസ്മി’ ഈ ഡയലോഗ് പറയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഈ വാക്കുകള്‍ പറയുമ്പോള്‍ തന്നെ മനസില്‍ തെളിയുന്ന ചിത്രമാകട്ടെ ജഗദീഷിന്റെയും. ഇപ്പോള്‍ താരത്തിന്റെ ഒരു തീപ്പൊരി പ്രസംഗമാണ് വൈറലാകുന്നത്. സിബിഎസ്ഇ സ്കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടുള്ള സംസാരമാണ് വൈറലാകുന്നത്.
നര്‍മ്മത്തില്‍ ചാലിച്ചുകൊണ്ടു ഗൗരവകരമായ വിഷയങ്ങള്‍ അവതരിപ്പിച്ച് അദ്ദേഹം സദസിനെ കൈപിടിയിലാക്കി. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും താരം സംസാരിച്ചു. ‘വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേഴ്സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്ക്രീനില്‍ വന്നപ്പോള്‍ ‘എച്ചൂസ്മി’, ‘കാക്ക തൂറീന്നാ തോന്നുന്നേ’ എന്നുള്ള കോമഡിയായി മാറിയെന്ന് അദ്ദേഹം പറയുന്നു. അത് സ്ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഗദീഷിന്റെ വാക്കുകള്‍;
ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നല്കി. അതുകൊണ്ട് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണ്. നിങ്ങളിലെ സാമൂഹികപ്രതിബദ്ധതകള്‍ ഇത്തരം ചടങ്ങുകളിലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചുകുട്ടികള്‍. മാര്‍ ഇവാനിയോസ് കോളജ് എന്ന സ്ഥാപനമാണ് പിവി ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എത്തിച്ചത് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍.’
നര്‍മ്മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാകുക. സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന് ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്. അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്.
ഇങ്ങനെ നീളുന്നു താരത്തിന്റെ ഓരോ സംസാരങ്ങളും. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.