‘മുന്നോട്ടുള്ള യാത്ര ഒരുമിച്ചാകാം’; പരിണീതി ചോപ്രയ്ക്കും ടീമിനും ആശംസകള്‍ നേര്‍ന്ന് സൈന നെഹ്‌വാള്‍

സൈന നെഹ്‌വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ വേണ്ടി കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര

ബോളിവുഡില്‍ നിന്ന് മറ്റൊരു സ്‌പോര്‍ട്‌സ് താരത്തിന്റെ ജീവിത കഥകൂടി വെള്ളിത്തിരയില്‍ എത്തുകയാണ്. ഇത്തവണ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പരിണീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയുടെ വേഷത്തില്‍ എത്തുന്നത്. ഇതിനായി താരം ബാഡ്മിന്റണ്‍ പരിശീലിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനും താരത്തിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സൈന നെഹ്‌വാള്‍. ട്വിറ്ററിലൂടെ ആണ് സൈന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നത്.

‘മുന്നോട്ടുള്ള യാത്ര ഒരുമിച്ചാകാം, ടീമിന് എന്റെ എല്ലാവിധ ആശംസകളും’ എന്നാണ് സൈന നെഹ്‌വാള്‍ ട്വിറ്ററില്‍ കുറിച്ചത്. ബാഡ്മിന്റണ്‍ പരിശീലിക്കുന്ന പരിണീതിയുടെ ഒരു ചിത്രവും സൈന ഷെയര്‍ ചെയ്തിട്ടുണ്ട്.

നേരത്തേ ബോളിവുഡ് താരം ശ്രദ്ധ കപൂറിനെ ആയിരുന്നു സൈനയായി അഭിനയിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ താരം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് പരിനീതി ചോപ്രയിലേക്ക് എത്തിയത്.
സൈന നെഹ്‌വാളിന്റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാന്‍ വേണ്ടി കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണിതെന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു. ഒരു സാങ്കല്‍പ്പിക കഥാപാത്രത്തെക്കാളും യഥാര്‍ത്ഥ ജീവിതം സിനിമയില്‍ എത്തിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും പരിണീതി പറഞ്ഞിരുന്നു.

സൈനയുടെ പരിശീലകന്‍ പുല്ലേല ഗോപിചന്ദിന്റെ വേഷത്തില്‍ എത്തുന്നത് മാനവ് കൗള്‍ ആണ്. ‘തുമാരി സുലു’ വില്‍ വിദ്യാ ബാലന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ് മാനവ് കൗള്‍

Exit mobile version