ഗംഗ-നകുലന് ഈ ജോഡിയെ എടുത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അത്രമേല്‍ ഈ കഥാപാത്രങ്ങള്‍ മലയാളി മനസുകളില്‍ നിറഞ്ഞു കഴിഞ്ഞു. മണിച്ചിത്രത്താഴ് ചിത്രം ഇറങ്ങി വര്‍ഷം 26 പിന്നിട്ടിട്ടും ഇപ്പോഴും തെല്ലും ആകാംക്ഷ കുറയാതെ ചിത്രം കാണാന്‍ ഇരിക്കുന്നവരായിരിക്കും അധികവും. ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുവാന്‍ ഇടയാക്കിയത് ദുര്‍ഗാഷ്ടമി ദിനത്തിലെ ഇരുവരുടെയും കൂടിക്കാഴ്ചയാണ്.
കഴിഞ്ഞ ദിവസം ‘നകുലന് ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’ എന്ന അടിക്കുറിപ്പോടെ ശോഭനയുമായി നില്ക്കുന്ന ഒരു സെല്‍ഫി സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും വീണ്ടും വേഷമിടുന്നത്. ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അനൂപ് സത്യന് ആണ് പുറത്ത് വിട്ടത്.
ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അനൂപ് സത്യന്റെ ചിത്രത്തിന് പേര് നിര്‍ണ്ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിക്കുന്നത്.