പനാജി: ഗോവയിൽ വരാനിരിക്കുന്ന ഇന്ത്യയുടെ അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഫീച്ചർ ഫിലിം വിഭാഗം ജൂറി ചെയർമാനായി സംവിധായകൻ പ്രിയദർശനെ തെരഞ്ഞെടുത്തു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി അഞ്ച് മലയാളസിനിമകളാണ് പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചലച്ചിത്രമേളയുടെ സുവർണജൂബിലി എഡിഷൻ നവംബർ 20 മുതൽ 28 വരെയാണ് നടക്കുക.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’, മനു അശോകന്റെ സംവിധാനത്തിൽ പാർവതി നായികയായ ‘ഉയരെ’, ടികെ രാജീവ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ‘കോളാമ്പി’ എന്നീ ചിത്രങ്ങൾ ഇന്ത്യൻ പനോരമയുടെ ഫീച്ചർഫിലിം വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പനോരമയുടെ നോൺ ഫീച്ചർ വിഭാഗത്തിൽ ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’, നോവിൻ വാസുദേവ് സംവിധാനം ചെയ്ത ‘ഇരവിലും പകലിലും ഒടിയൻ’ എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പനോരമയിൽ ആകെ 26 ഫീച്ചർ ചിത്രങ്ങളും 15 നോൺ ഫീച്ചർ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.
76 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. പതിനായിരത്തോളം ഡെലിഗേറ്റുകൾ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷയെന്ന് വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുവർണ ജൂബിലി വർഷം പ്രമാണിച്ച് വിവിധ ഭാഷകളിലെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ 12 പ്രധാന സിനിമകൾ പ്രദർശിപ്പിക്കും.
Discussion about this post