പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വന്നതിന് ശേഷം മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയ്മിങും ട്രോളുകളും വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മിലുള്ള ഒരു യുദ്ധത്തിന് കളം ഒരുക്കിയിരുന്നു.
ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനായ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരി ഗുരുക്കന്‍മാരെ കണ്ട വടക്കന്‍ കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത് .ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി.ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുര്‍ത്തമുണ്ട്.അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്.നിരവധി തവണ ആവര്‍ത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്‌ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കന്‍മാരെ കണ്ട വടക്കന്‍കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.