തന്റെ പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ലെന്നും തനിക്ക് ഒരു മതങ്ങളുമായും ബന്ധമില്ലെന്നും വ്യക്തമാക്കി ബിഗ് ബി. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ സാമൂഹിക ശാസ്ത്രജ്ഞനായ ബിന്ദേശ്വര്‍ പതകുമായുള്ള സൗഹൃദ സംഭാഷണത്തിന് ഇടയിലാണ് ബച്ചന്റെ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘എന്റെ പേരിനൊപ്പമുള്ള ബച്ചന്‍ എന്നത് ഒരു മതവുമായി ബന്ധമുള്ളതല്ല. എന്റെ പിതാവ് മത വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു. യഥാര്‍ഥത്തില്‍ ശ്രീവാസ്തവ എന്നാണ് എന്റെ കുടുംബ പേര്. എന്നാല്‍ ആ പേരിനോട് അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അച്ഛനാണ് കുടുംബ പേരിന്റെ സ്ഥാനത്ത് ബച്ചന്‍ എന്ന് ചേര്‍ത്ത് നല്‍കിയത്’ എന്നാണ് അമിതാഭ് ബച്ചന്‍ പരിപാടിയില്‍ പറഞ്ഞത്.
അതേസമയം തന്നെ ഏറെ ബഹുമാനിക്കപ്പെടുന്നവരും പ്രായമായവരുമായ ഒരാളുടെ കാലില്‍ നിറം നല്‍കി ഹോളി ഉത്സവം ആരംഭിക്കുന്ന തന്റെ കുടുംബ പാരമ്പര്യത്തെക്കുറിച്ചും ബച്ചന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.
പിതാവായ ഹരിവംശ് റായ് ബച്ചന്‍ തന്റെ ചുറ്റിലുമുള്ള എല്ലാവരേയും ബഹുമാനിച്ച വ്യക്തിയായിരുന്നുവെന്നും ടോയ്‌ലറ്റ് വൃത്തിയാക്കിയ വ്യക്തിയുടെ കാലില്‍ നിറങ്ങള്‍ ചാര്‍ത്തി ഹോളി ആഘോഷങ്ങള്‍ക്ക് പിതാവ് തുടക്കമിടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ബിഗ് ബി പറഞ്ഞു.