പൃഥ്വിരാജ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തെ കുറിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യകാഴ്ചയില്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍ എന്നാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ കേരള ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് ബ്രഹ്മാണ്ഡ ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ കേരള ലോഞ്ച് നടന്നത്. ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ചിരഞ്ജീവി ആണെന്ന് പൃഥ്വി ചടങ്ങില്‍ വെളിപ്പെടുത്തിയിരുന്നു.
‘ഈ അടുത്താണ് ഞാന്‍ ലൂസിഫര്‍ കണ്ടത്. മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്നും എന്തായാലും കാണണമെന്നും എന്നോട് ആരോ പറഞ്ഞു. ആദ്യകാഴ്ചയില്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. എന്നാല്‍ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം തന്നെ റിലീസ് ചെയ്തിട്ടുണ്ടെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എന്നാലും എനിക്ക് ഈ ചിത്രം ചെയ്യണമെന്നുതന്നെ തോന്നി. അതുകൊണ്ടാണ് റൈറ്റ്സ് വാങ്ങിയത്. എന്റെ അടുത്തതോ അതിനടുത്തതോ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും’ എന്നാണ് ചടങ്ങില്‍ ചിരഞ്ജീവി പറഞ്ഞത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.
Discussion about this post