സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ വാക്കുകളാണ്. കേരളം എന്തുകൊണ്ട് ഇതുവരെ മോഡി-ഫൈഡ് ആയില്ല എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി അതാണ് കേരളത്തിന്റെ സൗന്ദര്യം എന്നായിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൂടാതെ അതിനുള്ള വിശദീകരണവും അദ്ദേഹം നല്‍കി.
‘അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു, മുഴുവന്‍ ലോകവും ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന പ്രദേശത്തിന് ഉദാഹരണമാണ് കേരളം’ അദ്ദേഹം പറയുന്നു. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ ‘ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്സി’ന്റെ മുംബൈയിലെ പ്രകാശനവേദിയിലാണ് ജോണ്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയുടെ മരണസമയത്ത് കേരളത്തില്‍ എത്തിയപ്പോഴത്തെ കാഴ്ചകളും ജോണ്‍ ചടങ്ങില്‍ ഓര്‍ത്തെടുത്തു. ‘ആ സമയത്ത് ഞാന്‍ കേരളത്തില്‍ പോയിരുന്നു. കാസ്ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും എമ്പാടും എനിക്ക് കാണാന്‍കഴിഞ്ഞു. അത്തരത്തില്‍ കേരളം ശരിക്കും കമ്മ്യൂണിസ്റ്റ് ആണ്. അച്ഛന്‍ കാരണം കുറേയേറെ മാര്‍ക്സിസ്റ്റ് സംഗതികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മലയാളികളില്‍ ഒരു ഇടതുപക്ഷ സമീപനമുണ്ട്. നമ്മളെല്ലാം വിശ്വസിക്കുന്നത് സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണ്. അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളം’, ജോണ്‍ എബ്രഹാം പറയുന്നു.
Discussion about this post