ജീവിതത്തിൽ അഭിനയിക്കാത്ത മലയാളത്തിന്റെ യുവതാരം നിവിൻ പോളിക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. താരത്തിന്റെ ലാളിത്യവും സുഹൃത്തുക്കളോടുള്ള സ്നേഹവും വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് നിവിൻ പോളിയെ സൈബർ ലോകം വാഴ്ത്താൻ കാരണം.
മൂത്തോൻ സിനിമയുടെ പ്രീമിയറിനായി ടൊറന്റോയിൽ എത്തിയ താരം അപ്രതീക്ഷിതമായി തന്റെ സുഹൃത്തുക്കളെ കണ്ടപ്പോൾ കാണിച്ച സ്നേഹപ്രകടനത്തിന്റെ വീഡിയോയ്ക്ക് കൈയ്യടിക്കാതിരിക്കുക എങ്ങനെയാണ്.
ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തുക്കളെ കണ്ട് ഓടിച്ചെന്നു ആലിംഗനം ചെയ്യുകയാണ് നിവിൻ പോളി. ഇൻഫോസിസിൽ തന്റെ കൂടെ ജോലി ചെയ്ത സഹപ്രവർത്തകരെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു താരം. ലിപിൻ നായർ, ബോബി ജോസ് എന്നിവരാണ് ആ സുഹൃത്തുക്കൾ.
നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ വേൾഡ് പ്രീമിയർ ബുധനാഴ്ച ആയിരുന്നു. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്പെഷൽ റെപ്രസന്റേഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. വേൾഡ് പ്രീമിയറിനായി ഗീതു മോഹൻദാസ്, നിവിൻ പോളി, റോഷൻ മാത്യു എന്നിവരും ടൊറന്റോയിൽ എത്തിയിരുന്നു.