ചെന്നൈയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൂറ്റന്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ് താരങ്ങള്‍ തങ്ങളുടെ ആരാധകരോട് ഫ്ളക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടിയും തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന് ഫ്ളക്സ് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധര്വന് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന് ഫ്ളക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്നാണ് രമേശ് പിഷാരടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ചിത്രത്തിന്റെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
നേരത്തേ നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവര്‍ ആരാധകരോട് ഫ്ളക്സ് വയ്ക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്ളക്സുകള്‍ വയ്ക്കരുതെന്നാണ് താരങ്ങള്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ വ്യക്തമാക്കിയത്. ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പടെ 3500 ഫ്ളക്സുകളാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് മാറ്റിയത്. ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്കും പ്രിന്റ് ചെയ്ത് നല്‍കുന്നവര്‍ക്കെതിരെയും ഇനി കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post