ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളി-നയന്‍താര ജോഡികള്‍ ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. എന്നാല്‍ ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന് തുടങ്ങുന്ന ഗാനം കോപ്പിയടി വിവാദത്തില്‍ പെട്ടിരുന്നു.
ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. കുടുക്ക് ഗാനം കോപ്പിയടിച്ചതല്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണെന്നും എല്ലാവര്ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഢിത്തം തങ്ങള്‍ക്കില്ലെന്നുമാണ് ഷാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
ചിത്രത്തില്‍ കുടുക്ക് ഗാനത്തിന് പകരം ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത് സുരേഷ് ഗോപി നായകനായി എത്തിയ ചുക്കാനിലെ ‘മലരമ്പന്‍ തഴുകുന്ന’ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് അടുത്ത സമയത്താണ് ഗാനത്തിന്റെ കോപ്പി റൈറ്റ് സ്വന്തമാക്കിയില്ലെന്ന കാര്യം മനസിലായത്.
ഇതേ തുടര്‍ന്നാണ് അവസാന നിമിഷം കുടുക്ക് ഗാനം എത്തിയത്. കുടുക്ക് ഗാനത്തിന്റെ രംഗങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ചുവട് കാണാനാവുന്നത് ഇതുകൊണ്ടാണെന്നുമാണ് ഷാന്‍ റഹ്മാന് ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.