മുംബൈ: ലൈംഗിക ചൂഷണങ്ങളുടെ കഥ പുറത്തുകൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് കിട്ടിയ നല്ലൊരു അവസരമാണ് മീടൂ ക്യാംപെയിന്‍. ക്യാംപെയിനിലൂടെ നിരവധി പ്രമുഖരുടെ മുഖം മൂടി അഴിഞ്ഞുവീണു. നിരവധി താരങ്ങളും പ്രമുഖരും മീടൂവിനെ പിന്തുണച്ച് രംഗത്തെത്തി. പലരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. അത്തരത്തില്‍ തന്റെ അനുഭവം പങ്കുവെക്കുകയാണ് സോനം കപൂര്‍.
സോനത്തിന്റെ വാക്കുകള്‍….
മീടൂവിലൂടെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ വിശ്വസിക്കാന്‍ തയാറാകുകയാണ് ആദ്യം ചെയ്യേണ്ടത്. അടുത്തിടെ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് ഒരു അഭിനേത്രി തുറന്നു പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ പ്രതികരിച്ചതിങ്ങനെ ‘അയാള്‍ സുന്ദരനാണ് അയാള്‍ക്കതിന്റെ ആവശ്യമില്ല’. ആ സ്ത്രീയുടെ പ്രതികരണം അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ സങ്കടത്തോടെയാണ് തിരിച്ചറിഞ്ഞത്. കുറ്റം തെളിയുന്നതുവരെ ആരോപണ വിധേയനായ വ്യക്തി നിഷ്‌കളങ്കനാണെന്ന് വിശ്വസിക്കാം. പക്ഷേ അതിന്റെ അര്‍ത്ഥം അതിനെക്കുറിച്ച് തുറന്നു പറഞ്ഞ വ്യക്തിയെ അവിശ്വസിക്കണമെന്നല്ല. ഇങ്ങനെയൊരു മൂവ്‌മെന്റിനെ എതിര്‍ക്കുന്നവര്‍ക്ക് സമൂഹത്തിന്റെ ഈ മനോഭാവം ഒരുപിടിവള്ളിയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഇതൊക്കെ ശരിയാണെങ്കിലും സ്ത്രീ വിദ്വേഷികളും അധികാരം ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരും ആരോപണമുന്നയിച്ച സ്ത്രീകളെ കുറ്റപ്പെടുത്തും ചിലര്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഈ മൂവ്‌മെന്റിനെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതരെ നിഷ്‌കളങ്കരായി കാണാന്‍ കഴിയുന്നവര്‍ എന്തുകൊണ്ട് അപ്പുറത്തു നില്‍ക്കുന്ന സ്ത്രീകളുടെ കാര്യങ്ങള്‍ ചിന്തിക്കുന്നില്ല.
വ്യക്തിപരമായി എത്രത്തോളം റിസ്‌ക് എടുത്തിട്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണകൊണ്ടുമെങ്കിലും അവരോട് നമ്മള്‍ കടപ്പാട് കാട്ടണമെന്നും സോനം പറയുന്നു.
Discussion about this post