പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റി എത്തുന്ന എന്ന വാര്‍ത്ത മലയാള സിനിമാ ലോകം ഏറെ ആവേശത്തോടെ ആണ് വരവേറ്റത്. ഇപ്പോഴിതാ മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി ചൈനീസില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’വും ഞാന്‍ സംവിധാനംചെയ്യുന്ന ‘ബറോസു’മാണ് നിലവില്‍ ചൈനയില്‍ പ്രദര്‍ശനസാധ്യത തേടുന്നത്. മൊഴിമാറ്റം മാത്രമായിരിക്കില്ല ഇത്. ചൈനീസ് കമ്പനിയുമായി ചേര്‍ന്നാണ് കുഞ്ഞാലിമരയ്ക്കാര്‍ അവിടെ പ്രദര്‍ശനത്തിന് എത്തുന്നത്. ഭാഷ ചൈനീസ് ആവുക എന്നതിനപ്പുറം സബ്ടൈറ്റിലുകളാണ് അവര്‍ക്കാവശ്യം. അത്തരം ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഒരു ടീമിനെ ഏര്‍പ്പെടുത്തും. ചൈനീസ് പേരിലാകും കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അവിടെ റീലിസ് ചെയ്യുക.
സിനിമകളുടെ കാര്യത്തില്‍ ചൈന വലിയൊരു വിപണിയാണ്. വിവിധ രാജ്യങ്ങളില്‍ നിര്‍മ്മിച്ച നാല്‍പ്പതോളം സിനിമകള്‍ മാത്രമേ അവര്‍ ഒരുവര്‍ഷം എടുക്കുകയുള്ളൂ. അതില്‍ ഇടംനേടാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്കുതന്നെ അത് അഭിമാനമാണ്’ എന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.
Discussion about this post