മറ്റുള്ളവരുടെ ആകാരഭംഗിയില്‍ കുറവുകള്‍ കണ്ടെത്തി ബോഡി ഷെയ്മിങ് നടത്തുന്നതില്‍ കേമന്മാരായ വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ബോളിവുഡിന്റെ കിങ് ഖാന് ഷാരൂഖ്. താരപുത്രിയുടെ നിറത്തെയും ശരീര ഘടനയെയും ചൂണ്ടിക്കാട്ടി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ്.
എന്നാല്‍ യഥാര്‍ത്ഥ പിതാവിന്റെ കടമയായ മകളെ സംരക്ഷിച്ച് നിര്‍ത്തല്‍ ഭംഗിയായി നിര്‍വ്വഹിച്ച ഷാരൂഖ് മകള്‍ സുഹാന ഖാന് ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണെന്ന് പ്രതികരിച്ചു. ഏതൊരു പിതാവിനും സ്വന്തം മകള്‍ സുന്ദരിയായിരിക്കും തനിക്കും അങ്ങനെയാണെന്ന് പറഞ്ഞാണ് താരം രംഗത്തെത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാരൂഖ് മനസ്സു തുറന്നത്.
ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ ഷാരൂഖ് അഭിനയിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത്തരം പരസ്യങ്ങളില്‍ തങ്ങള്‍ അഭിനയിക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ച് സിനിമാ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.
തന്റെ ആരാധകരോട് താന്‍ സത്യസന്ധതയില്ലാതെ പെരുമാറിയിട്ടില്ലെന്ന് ഷാരൂഖ് പറഞ്ഞു. പുറംമോടിയില്‍ അല്ല ആളുകളെ താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ സുന്ദരനല്ല, എനിക്ക് നല്ല ശരീരമില്ല, നന്നായി നൃത്തം ചെയ്യാന്‍ അറിയുകയുമില്ല, എനിക്ക് നല്ല തലമുടിയില്ല, സിനിമയില്‍ എങ്ങനെ സൂപ്പര്താരമാകാം എന്ന് പറഞ്ഞു തരുന്ന ഒരു വിദ്യാലയത്തില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അങ്ങനെയിരിക്കുന്ന ഞാന്‍ എങ്ങനെ മറ്റുള്ളവരെ വിലയിരുത്തും.
ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എനിക്ക് അമാനുഷികമായ ശക്തികള്‍ ഒന്നുമില്ല. എന്നിട്ടും സിനിമാ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞു നില്ക്കുന്നുവെങ്കില് അത് പുറംമോടി കണ്ടു മയങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗം അല്ലാത്തത് കൊണ്ടായിരിക്കണം.
സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല- ഷാരൂഖ് പറഞ്ഞു.
Discussion about this post