വലിയ സെറ്റിടുമ്പോള്‍ പരിസ്ഥിതി പ്രശ്നമുണ്ടാവുന്നു; കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ഷൂട്ടിങ്ങിന് സ്റ്റേ

കന്നട സൂപ്പര്‍സ്റ്റാര്‍ യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ഷൂട്ടിങ് കോടതി സ്‌റ്റേ ചെയ്തു. കോലാര്‍ സ്വര്‍ണ്ണ ഖനിയിലെ സൈനഡ് ഹില്‍സില്‍ വെച്ച് നടത്തുന്ന ഷൂട്ടിങിനാണ് സ്‌റ്റേ. കോലാര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതിയാണ് ഷൂട്ടിങ് സ്റ്റേ ചെയ്തിരിക്കുന്നത്.

ചിത്രീകരണത്തിനായി വലിയ സെറ്റ് ഇടുമ്പോള്‍ പരിസ്ഥിതി പ്രശ്നമുണ്ടാവുന്നു എന്ന് ആരോപിച്ച് പ്രദേശവാസി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. അതേസമയം സൈനഡ് ഹില്‍സിലുള്ള ചിത്രീകരണം ഏകദേശം പൂര്‍ത്തിയായെന്നും കോടതി ഉത്തരവ് മാനിച്ച് ചിത്രീകണം നിര്‍ത്തിവയ്ക്കുകയാണെന്ന് നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ വ്യക്തമാക്കി. പ്രശ്‌നം പരിഹരിച്ചതിന് ശേഷം ബാക്കിയുള്ള ഭാഗം ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാഹുബലിക്ക് ശേഷം കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫ്. 225 കോടി രൂപയാണ് ചിത്രം നേടിയത്. സ്വര്‍ണ്ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറഞ്ഞത്. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

Exit mobile version