ബിഗ് ബോസില്‍ പാത്രം കഴുകാന്‍ ശിക്ഷ വിധിച്ചു; പാതി കഴുകിയപ്പോഴേയ്ക്കും പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്! ജയിലിലെ ആ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചുവെന്ന് താരം

പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു.

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസിന്റെ ഹിന്ദി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്. ഷോയില്‍ നല്‍കിയ പണിഷ്‌മെന്റിനിടയാണ് താരം വിങ്ങി പൊട്ടിയത്. വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. വ്യാപക പരാതി ഉയരുമ്പോഴും വീണ്ടും ശ്രീശാന്ത് ഇത് തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് പാത്രം കഴുകാന്‍ ഏല്‍പ്പിച്ചത്. ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്.

പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു. ബോസ് നല്‍കിയ പണിഷ്‌മെന്റ് ആദ്യം ആര്‍ജ്ജവത്തോടെ ഏറ്റെടുത്തു. പാതി കഴിഞ്ഞപ്പോഴേയ്ക്കും ശ്രീശാന്ത് അസ്വസ്ഥനായി. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്നു പൊട്ടിക്കരയാന്‍ തുടങ്ങിയ ശ്രീശാന്തിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ പാത്രങ്ങള്‍ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓര്‍മ്മിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാര്‍ ജയിലിലാണ് ഇക്കാലയളവില്‍ താരത്തെ പാര്‍പ്പിച്ചത്. ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Exit mobile version