ഒരു സിനിമയാക്കാന്‍ പറ്റിയ കഥയാണ് തന്റെ ജീവിതമെന്ന് ഗായിക രാണു മണ്ടാല്‍. മുഷിഞ്ഞ വേഷത്തില്‍ റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടു പാടി സിനിമാ പിന്നണിഗാനരംഗത്തേക്ക് ചുവടുവെച്ച രാണു മണ്ടാലിനെ പ്രശസ്തയാക്കിയത് ‘ഏക് പ്യാര്‍ കാ നഗ്മാ കാ ഹേ’ എന്ന ഗാനമാണ്. ഇന്ന് നിരവധി അവസരങ്ങളാണ് രാണു മണ്ടാലിനെ തേടിയെത്തുന്നത്.
ഐഎന്‍എസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായിക രാണു മണ്ടാല്‍ തന്‌റെ ജീവതത്തെക്കുറിച്ച് മനസ് തുറന്നത്. ഒരു തെരുവുഗായിക ആയിരുന്നെങ്കിലും താന്‍ തെരുവിലല്ല ജനിച്ചതെന്നും തനിക്ക് അച്ഛനും അമ്മയുമുണ്ടായിരുന്നെന്നും രാണു പറഞ്ഞു. സന്തോഷകരമായ ജീവിതത്തിനിടയ്ക്കാണ് അച്ഛനും അമ്മയും വേര്‍ പിരിഞ്ഞത്. അതിനുശേഷം മുത്തശ്ശിക്കൊപ്പമായിരുന്നു തന്റെ ജീവിതമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ബാല്യകാലം അത്ര രസകരമായിരുന്നില്ല. പാട്ടുപാടാന്‍ ഇഷ്ടമായിരുന്ന തനിക്ക് പാടാന്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് ഏറെ പ്രിയമെന്നും സത്യത്തില്‍ ലതാജിയാണ് തന്റെ ഗുരു. റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് താന്‍ സംഗീതം അഭ്യസിച്ചതെന്നും വിവാഹശേഷം മുംബൈയിലേക്ക് താമസം മാറിയതോടെ ജീവിതം വളരെ സന്തോഷകരമായിരുന്നെന്നും അവര്‍ പറഞ്ഞു.
നടന്‍ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു തന്റെ ഭര്‍ത്താവ്. എന്നാല്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തോടെ ജീവിതം മാറിമറിയുകയായിരുന്നെന്നും രാണു കൂട്ടിച്ചേര്‍ത്തു. മുംബൈ വിട്ട് ബംഗാളിലേക്ക് മാറിയതോടെ റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചായിരുന്നു പിന്നീട് ജീവിച്ചതെന്നും രാണു പറയുന്നു.ഇപ്പോള്‍ സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ ലഭിച്ചതോടെ മുംബൈയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഈ വൈറല്‍ ഗായിക.
Discussion about this post