ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തിയ ചിത്രമാണ് സാഹോ. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ ചിത്രത്തിന് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിനിമക്ക് നേരെ കോപ്പിയടി ആരോപണവുമായി നടി ലിസ റേ രംഗത്ത് വന്നിരിക്കുകയാണ്.
ശൈലോ ശിവ് സൂല്മാന് വരച്ച ചിത്രം സാഹോയിലെ ഗാനത്തിന്റെ പോസ്റ്ററിന് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് ലിസയുടെ ആരോപണം.
ലിസയുടെ കുറിപ്പില്‍ നിന്ന്:
അപമാനകരമായ ഒരു സംഭവം നടക്കുമ്പോള്‍ നാം പ്രതികരിക്കേണ്ടതുണ്ട്. അത്തരം സംവിധായകര്‍ക്ക് മുന്നില്‍ ഒരു കണ്ണാടി കാണിച്ച് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറയേണ്ടതുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രം ശൈലോയുടെ യഥാര്‍ഥ കലാസൃഷ്ടിയെ നശിപ്പിച്ചിരിക്കുന്നു. ഇതിനെ പ്രചോദനം എന്ന് വിശേഷിപ്പിക്കാനാകില്ല, പ്രകടമായ മോഷണമാണിത്. ഒരിക്കലും അംഗീകരിക്കാനാകാത്തത്. നിര്‍മാതാക്കളാരും കലാസൃഷ്ടിയുടെ ഉടമയെ ബന്ധപ്പെടുകയോ അനുവാദം വാങ്ങുകയോ, ക്രെഡിറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇത് ശരിയല്ല’- ലിസ കുറിച്ചു.
ആഗസ്റ്റ് 30 ന് ആയിരുന്നു പ്രഭാസ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. നേരത്തെ ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ വിഎഫ്എക്സ് ജോലികള്‍ നീണ്ടുപോയതോടെയാണ് റിലീസ് തീയതി നീട്ടേണ്ടി വന്നതെന്ന് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് വ്യക്തമാക്കിയിരുന്നു.