ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലെ കിടിലന്‍ സോങ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘കുടുക്ക് പൊട്ടിയ കുപ്പായം’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
മമ്മൂട്ടി ചിത്രം പുതിയ നിയമത്തിന് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ശ്രീനിവാസന്റെ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായികാ നായകന്മാര്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും.
അജു വര്‍ഗീസ് നിര്‍മ്മാതാവാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, മൊട്ട രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഓണച്ചിത്രമായി ചിത്രം സെപ്റ്റംബര്‍ 6ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post