ദിലീപിന് മലയാള സിനിമാലോകത്ത് വ്യത്യസ്തമായ ഒരു സ്ഥാനം നല്‍കിയ ചിത്രമായിരുന്നു സിഐഡി മൂസ. ജോണി ആന്റണിയുടെ ഈ സിനിമയിലൂടെ ദീലീപിന് കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും മനസില്‍ പ്രത്യേക സ്ഥാനം ലഭിക്കുകയായിരുന്നു. ദിലീപിന്റെ കരയറിലെ സൂപ്പര്‍ഹിറ്റായ കൊച്ചിരാജാവും ജോണി ആന്റണിയാണ് ഒരുക്കിയത്. ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി മനസ്സുതുറന്നു.
‘ദിലീപിനെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കാണുന്നത്. ആരും എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രശ്നങ്ങളില്‍ ചെന്ന് പെടാമല്ലോ, അത് സത്യമാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം നിരപരാധിയാണ്. സഹപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്. അദ്ദേഹത്തെ ആശ്വസിപ്പിച്ചിട്ടുണ്ട്.’-ജോണി ആന്റണി പറഞ്ഞു.
‘അദ്ദേഹം അത് ചെയ്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. എനിക്കറിയാവുന്ന ദിലീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അദ്ദേഹം പറഞ്ഞതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള കാര്യമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടവും വിഷമവുമുണ്ട്. എന്നാല്‍ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല.’-ജോണി ആന്റണി പറഞ്ഞു.
‘ദിലീപിനെ വില്ലനായി കാണുന്നവരുണ്ടാകാം, എന്നാല്‍ ഞാനടക്കമുള്ളവര്‍ ദിലീപിനെ പഴയ സുഹൃത്തായിട്ടും നടനായുമൊക്കെയാണ് കാണുന്നത്. സിനിമ നന്നായാല്‍ വിജയിക്കും. അദ്ദേഹം നടനായിത്തന്നെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. രാമലീലയ്ക്ക് മികച്ച വിജയമാണ് ലഭിച്ചത്. കമ്മാരസംഭവം വേറെ വിഷയമായിരുന്നു. അതാണ് അതത്ര വിജയമാവാതിരുന്നത്. പ്രൊഫസര്‍ ഡിങ്കന്‍ പുറത്തിറങ്ങാനായി കുറച്ചധികം സമയമെടുക്കും.’-ജോണി ആന്റണി പറഞ്ഞു.