കാന്‍സര്‍ തന്നെ പിടിച്ചപ്പോഴും തന്റെ ചുറ്റുമുള്ളവര്‍ക്ക് ജീവിക്കാനുള്ള പ്രചോദനം പകര്‍ന്ന ധീര വനിതയാണ് നടി സൊനാലി ബിന്ദ്ര. ഇപ്പോള്‍ ഇതാ വിവാഹ വാര്‍ഷികത്തില്‍ തന്റെ പ്രിയതമന് നല്‍കിയ സമ്മാനം ആണ് ചര്‍ച്ച ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പാണ് ഭര്‍ത്താവിനുള്ള വിവാഹ സമ്മാനം… വായിക്കുന്നവര്‍ക്ക് കണ്ണുനിറയുമെങ്കിലും ഒരുപക്ഷേ, വിവാഹ വാര്‍ഷികത്തില്‍ പങ്കാളിക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം ഇതുതന്നെയായിരിക്കും… അതെ തീര്‍ച്ചയായും ആ രണ്ട് വരിയിലുണ്ട് അവളുടെ പ്രണയവും കരുതലും കാത്തിരിപ്പും…
സൊനാലിയുടെ കുറിപ്പ്…
എഴുതാന്‍ തുടങ്ങുമ്പോള്‍തന്നെ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. എന്റെ മനസ്സിലുള്ള വികാരം അതിന്റെ തീക്ഷ്ണതയിലും തീവ്രതയിലും എഴുത്തിലേക്കു പകര്‍ത്താന്‍ ഞാന്‍ അശക്തയാണ്. എത്ര വാക്കുകള്‍ എങ്ങനെയൊക്കെ ഉപയോഗിച്ചാലും ഇപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനാവില്ല. ഭര്‍ത്താവ്, പങ്കാളി, സുഹൃത്ത്, എന്റെ ഏറ്റവും വലിയ ആശ്രയം..എല്ലാം എനിക്ക് ഒരാള്‍ തന്നെ ഗോള്‍ഡി ബേല്‍. അദ്ദേഹത്തിനോട് നന്ദി പറയാനും ആശംസ അറിയിക്കാനുമാണ് ഇപ്പോള്‍ എന്റെ ശ്രമം….
വിവാഹം എന്നാല്‍ പരസ്പരം തുണയാകുക എന്നാണര്‍ഥം. സന്തോഷത്തിലും സങ്കടത്തിലും ഒരുപോലെ. ആരോഗ്യത്തിലും അനാരോഗ്യത്തിലും. ദൈവത്തിനുമാത്രമേ അറിയൂ ഈ വര്‍ഷം ഞങ്ങള്‍ എങ്ങനെയാണു കടന്നുപോകുന്നതെന്ന്….ആര്‍ദ്രമായ വാക്കുകളില്‍ സൊനാലി തുടരുന്നു കാന്‍സറിനെതിരെയുള്ള പോരാട്ടം വ്യക്തിപരമല്ല. ഒരു വ്യക്തിക്കു രോഗം ബാധിക്കുന്നതോടെ കുടുംബം മുഴുവന്‍ രോഗത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. ഞാനും രോഗത്തിനെതിരായ പോരാട്ടത്തിലാണ്. ഉത്തരവാദിത്തങ്ങളും ചുമതലകളും പങ്കുവച്ചും വിഭജിച്ചും മുന്നോട്ട്. ഭാഗ്യമെന്നുതന്നെ പറയാം കുടുംബം എന്നോടൊപ്പമുണ്ട്. രണ്ടു ഭൂഖണ്ഡങ്ങളിലൂടെ നിരന്തരം യാത്രചെയ്ത് വിജയത്തിലേക്കുള്ള യാത്രയിലാണു ഞങ്ങള്‍..സൊനാലി എഴുതുന്നു.
എന്റെ ശക്തിയുടെ സ്രോതസ്സ് അങ്ങാണ്..എന്റെ പ്രണയവും സന്തോഷവും. എല്ലാ നിമിഷങ്ങളിലും എന്റെ കൂടെ നില്‍ക്കുന്ന എല്ലാമെല്ലാം. ഹൃദയത്തില്‍തൊട്ട് ഞാന്‍ താങ്കള്‍ക്കു നന്ദി പറയട്ടെ. എനിക്കു പ്രകടിപ്പിക്കാനുള്ള വികാരത്തെ നന്ദി എന്ന വാക്കില്‍ ഒതുക്കാന്‍ ആവില്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്റെ തന്നെ ഭാഗമായ വ്യക്തിയോട് ഞാന്‍ എങ്ങനെ നന്ദി പറയാന്‍. വിവാഹ വാര്‍ഷികാശംസകള്‍ ഗോള്‍ഡി…..
നവദമ്പതികളില്‍ ഒരാളുടെ ഹൃദയത്തില്‍നിന്നു വന്ന വാക്കുകളല്ല ഇത്. 16 വര്‍ഷം മുമ്പ് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്നപ്പോള്‍ നല്‍കിയ ആ കരുതലിനുള്ള നന്ദിയുടെ ബാക്കിപത്രമാണ്.
Discussion about this post