തെന്നിന്ത്യയെ ഒട്ടാകെ തിരക്കേറിയ താരമായി കത്തി നിൽക്കുന്നതിനിടെയാണ് നടി സൗന്ദര്യയെ ഹെലികോപ്റ്റർ അപകടത്തിന്റെ രൂപത്തിൽ വിധി തിരിച്ചുവിളിച്ചത്. അന്നത്തെ അപകടത്തിന് തൊട്ടുമുമ്പത്തെ ദിവസം സൗന്ദര്യ അവസാനമായി തന്നോട് പറഞ്ഞ കാര്യങ്ങൾ ആദ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഉദയകുമാർ.
തണ്ടഗൻ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു താരങ്ങളും അണിയറ പ്രവർത്തകരും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന കാലത്തെ കുറിച്ച് സംവിധായകൻ ഓർത്തെടുത്തത്. ‘സിനിമ എന്നു പറയുന്നത് വലിയൊരു കുടുംബം തന്നെയാണ്. എനിക്കൊരു കാര്യം ഇവിടെ പറയാനുണ്ട്. ഞാനിത് മുമ്പൊരിക്കലും എവിടെയും പറഞ്ഞിട്ടില്ല’, എന്ന മുഖവുരയോടെയാണ് ഉദയകുമാർ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സൗന്ദര്യ മരിക്കുമ്പോൾ അവർ രണ്ടുമാസം ഗർഭിണിയായിരുന്നെന്നും അമ്മയാകാനുള്ള തയ്യാറെടുപ്പിൽ സിനിമ തൽക്കാലം ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്നെന്നും സംവിധായകൻ വെളിപ്പെടുത്തുന്നു.
ഉദയകുമാറിന്റെ വാക്കുകളിലേക്ക്: ‘പൊന്നുമണി എന്ന എന്റെ സിനിമയിലൂടെയാണ് നടി സൗന്ദര്യ സിനിമയിലേയ്ക്ക് എത്തിയത്. അണ്ണനെന്നാണ് സൗന്ദര്യ എന്നെ വിളിച്ചിരുന്നത്. ആദ്യമൊക്കെ ആ വിളിയിൽ ഞാൻ അതൃപ്തനായിരുന്നു. മറ്റുള്ളവർക്ക് മുമ്പിൽ എന്നെ സാർ എന്നു വിളിച്ചാൽ മതിയെന്നു സൗന്ദര്യയോട് ഞാൻ പറയുമായിരുന്നു. എന്നാൽ അധികം വൈകാതെ ഞാനവരെ സഹോദരിയായി കണ്ടു തുടങ്ങുകയും അവരെന്നെ അണ്ണാ എന്നു തന്നെ വിളിക്കുകയും ചെയ്തു. എന്നോട് പ്രത്യേക ആദരവും സ്നേഹവും അവർക്കുണ്ടായിരുന്നു. പൊന്നുമണിയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഒരു ചിരഞ്ജീവി പടത്തിലേക്ക് ഞാനവരെ റെക്കമൻഡ് ചെയ്തത്. അതിനുശേഷം അവർ വലിയ താരമായി മാറി.
സൗന്ദര്യ എന്നെ ഗൃഹപ്രവേശത്തിനും വിവാഹത്തിനും വിളിച്ചു, നിർഭാഗ്യവശാൽ എനിക്കു ഇതിനൊന്നും പങ്കെടുക്കാനായില്ല. ആയിടയ്ക്കാണ് തമിഴിലെ ഹിറ്റ് ചിത്രം ചന്ദ്രമുഖി കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്നത്. അതിൽ സൗന്ദര്യ അഭിനയിച്ചിരുന്നു. ആ സിനിമ കഴിഞ്ഞ് അവർ എന്നെ ഒരുദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു- ഇതെന്റെ അവസാന ചിത്രമായിരിക്കും. ഇനി ഞാൻ അഭിനയിക്കുന്നുണ്ടാവില്ല. രണ്ടുമാസം ഗർഭിണിയാണ്. അന്ന് എന്നോടും ഭാര്യയോടും അവർ ഫോണിൽ ഒരു മണിക്കൂറോളം സംസാരിച്ചു.
അടുത്ത ദിവസം രാവിലെ 7.30ക്ക് ടിവി വച്ചപ്പോൾ അവർ അപകടത്തിൽ മരണപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. അവർ ക്ഷണിച്ച ഒരു ചടങ്ങിനും എനിക്കു പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് അവരുടെ സംസ്കാരച്ചടങ്ങിനാണ് ഞാൻ പോകുന്നത്. ഞാൻ അവരുടെ വീട്ടിൽ പോയി. ഭംഗിയുള്ള അവരുടെ വീട് കണ്ടു. വീടിനകത്ത് പ്രവേശിച്ചപ്പോൾ എന്റെ വലിയൊരു ചിത്രം ചുമരിൽ തൂക്കിയിട്ടിരിക്കുന്നത് കണ്ടു. എനിക്ക് കരച്ചിലടക്കാനായില്ല.’ ഉദയകുമാർ പറഞ്ഞു.
Discussion about this post