മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചിത്രമാണ് 1993ല്‍ ഐവി ശശി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘ദേവാസുരം’. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ‘മംഗലശ്ശേരി നീലകണ്ഠന്’ എന്ന കഥാപാത്രം ഇന്നും മലയാളികള്‍ മനസില്‍ താലോലിക്കുന്ന കഥാപാത്രമാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ നാഴികക്കല്ലാണ് ഈ ചിത്രം. അതുപോലെ തന്നെ ഇതിന്റെ തിരക്കഥ ഒരുക്കിയ രഞ്ജിത്തിന്റെ എഴുത്ത് ജീവിതത്തിനും ഒരു വഴിമാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു ദേവാസുരം.
ദേവാസുരത്തിന് മുമ്പ് രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രങ്ങള്‍ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘ശുഭയാത്ര’, ‘നന്മ നിറഞ്ഞവന് ശ്രീനിവാസന്’, ‘ജോര്‍ജൂട്ടി c/oജോര്‍ജൂട്ടി’എന്നിവയൊക്കെയാണ്. ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ വളരെ ‘ബുക്കിഷ്’ ആയി തോന്നുന്നുവെന്നാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
‘ചിത്രത്തിലെ നീലകണ്ഠന്റെ ഡയലോഗുകള്‍ക്ക് വലിയ കൈയ്യടി കിട്ടിയിരുന്നു. പക്ഷേ ദേവാസുരം ഇപ്പോള്‍ കാണുമ്പോള്‍ അതിലെ ഡയലോഗുകള്‍ ‘ബുക്കിഷ്’ ആയി തോന്നുന്നുണ്ട്. കാരണം അത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല. പക്ഷേ ആ കാലത്ത് സിനിമയിലെ കഥാപാത്രങ്ങള്‍ ആ ഭാഷ സംസാരിച്ചുകേള്‍ക്കാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ കാലം മാറി. നീലകണ്ഠനെപ്പോലൊരു കഥാപാത്രം ഇന്നില്ല. അയാള്‍ സംസാരിച്ച ഭാഷയില്‍ ഇന്ന് ആരും സംസാരിക്കുന്നുമില്ല’ എന്നാണ് അഭിമുഖത്തില്‍ രഞ്ജിത്ത് പറഞ്ഞത്.