രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഇറങ്ങിയത് മുതല്‍ ഗോസിപ്പ് കോളത്തില്‍ നിറഞ്ഞു നില്ക്കുന്ന വാര്‍ത്തയാണ് പ്രഭാസും അനുഷ്കയും തമ്മിലുള്ള പ്രണയ വാര്‍ത്ത. ഇരുവരും അടുത്ത് തന്നെ വിവാഹിതരാകാന്‍ പോവുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ അടുത്തായി വന്ന വാര്‍ത്തയാണ് പ്രഭാസും അനുഷ്കയും ഒരുമിച്ച് ലോസ് ഏഞ്ചല്‍സില്‍ പുതിയൊരു വീടുതേടുന്നുവെന്നതാണ്. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രഭാസ്. ആളുകള്‍ തന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നാണ് താരം പറഞ്ഞത്.
‘എനിക്ക് ഒരുപാടുകാലമായി അനുഷ്കയെ അറിയാം. ഞങ്ങള്‍ക്കിടയില്‍ ഒന്നും തന്നെയില്ല. ഇനി എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഞങ്ങളെ നിങ്ങള്‍ എവിടെയെങ്കിലും വെച്ച് കാണുമായിരുന്നു. ഞങ്ങള്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുകയല്ലായിരുന്നു. ഞങ്ങള്‍ അഭിനേതാക്കളാണ്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ഞങ്ങളെ ഉറപ്പായും തിരിച്ചറിയും. അതുകൊണ്ടുതന്നെ ഇത് വെറും കുപ്രചാരണം മാത്രമാണ്. നിങ്ങള്‍ ഞങ്ങളെ വിശ്വസിച്ചില്ലെങ്കില്‍ എനിക്ക് പിന്നെ ഒന്നും ചെയ്യാനാകില്ല’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞത്.
എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ സംഭവിക്കുന്നതെന്ന് അറിയില്ലെന്നും ആളുകള്‍ക്ക് എനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം വേണമെന്നാണ് ആഗ്രഹമെന്നും അല്ലെങ്കില്‍ ഇതാണ് എന്റെ പെണ്‍കുട്ടിയെന്ന് ഞാന്‍ പറയണമെന്നാണ്. അല്ലാത്തപക്ഷം അവര്‍ എന്നെ ആരെങ്കിലുമായി ബന്ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post