ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി അമ്പരപ്പിച്ച പ്രിയങ്ക ചോപ്രയും യുഎസ് ഗായകനും സംഗീതജ്ഞനുമായ നിക് ജൊനാസും വിവാഹിതരായപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു താരദമ്പതികൾ എവിടെ താമസമാക്കുമെന്നത്. സ്ഥിരതാമസം മുംബൈയിലായിരിക്കുമോ അതോ യുഎസിലായിരിക്കുമോ എന്ന സംശയം ശക്തമാകുന്നതിനിടെയാണ് നികും പ്രിയങ്കയും ലൊസാഞ്ചലസിലെ ബെവർലി ഹിൽസിൽ 6.5 മില്യൻ ഡോളർ (ഏകദേശം 46 കോടി രൂപ) മുടക്കി വാങ്ങിച്ച വീട്ടിലേക്ക് താമസം മാറിയത്. നിക് വാങ്ങിച്ച ഈ വീടിന് പരിസരത്തായാണ് ഹോളിവുഡ് സെലിബ്രിറ്റികളായ ജെന്നിഫർ ലോറൻസ്, ടെയ്ലർ സ്വിഫ്റ്റ് തുടങ്ങിയവരുടെ ആഢംബര ഭവനങ്ങളും.
എന്നാൽ നിക്-പ്രിയങ്ക ദമ്പതികൾ വിവാഹവാർഷികം ആഘോഷിക്കും മുമ്പ് തന്നെ തങ്ങളുടെ സ്വപ്നഭവനം വിൽക്കാനൊരുങ്ങുകയാണ്. ഈ വാർത്ത കേട്ട് ഞെട്ടിയ ആരാധകർ കാരണമന്വേഷിച്ച് പുറകെ കൂടിയിട്ടും കൂടുതൽ വിവരങ്ങൾ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 2018 ലാണ് നിക് വീട് വാങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയതും. ഇപ്പോൾ വിൽപ്പനയ്ക്കിട്ട വീടിന് നിക് പ്രതീക്ഷിക്കുന്ന വില 6.9 മില്യൻ ഡോളറാണ്.
കാലിഫോർണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീർണ്ണം. വൈറ്റ് ഓക്ക് ഫ്ലോറിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്.
Discussion about this post