ടൊവീനോ തോമസ് പോലീസ് വേഷത്തില്‍ എത്തിയ കല്‍ക്കിക്കെതിരെ സംഘപരിവാര്‍ സംഘടന രംഗത്ത്. ഇതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പും സംഘപരിവാര്‍ അനുഭാവികള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ നടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ. ഈ കാര്യം പ്രശോഭ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്ത കല്‍ക്കി തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് ചിത്രത്തിന്റെ വ്യാജന് ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന്റെ ലിങ്ക് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ രംഗത്തുവന്നത്.
ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവീനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.
ജേക്ക്സ് ബിയോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വ്യാജപതിപ്പിനെതിരെ നിര്‍മ്മാതാവ് ഫേസ്ബുക്കില്‍ കുറിച്ചത്
“ആദ്യത്തേത് കാര്യമാക്കുന്നില്ല … പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ് … ക്രിമിനൽ കുറ്റം തന്നെയാണ് .. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവച്ച് ഇറങ്ങിയ ഒരു ഇൻഡസ്ട്രിയാണ് … തകർക്കാൻ നോക്കരുത്..” ഈ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടിനൊപ്പം നിർമ്മാതാവ് കുറിക്കുന്നു.
കേരള പോലീസ്, സൈബർഡോം എന്നിവയെക്കൂടി ടാഗ് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിൽ.
Discussion about this post