‘അമ്പിളിയെ പെരുമഴയത്തും തീയ്യേറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി’; ജോണ്‍പോള്‍ ജോര്‍ജ്

സൗബിന്‍ നായകനായി ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ചിത്രമാണ് ‘അമ്പിളി’. ഓഗസ്ത് ഒമ്പതിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തിയത്. പ്രളയത്തിലും ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്.

ഫേസ്ബുക്കിലൂടെ ആണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്. അമ്പിളിയെ പെരുമഴയത്തും തീയ്യേറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തീയ്യേറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തീയ്യേറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നതെന്നും ജോണ്‍പോള്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. അമ്പിളിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു ജോണ്‍പോളിന്റെ കുറിപ്പ്.

തന്‍വി റാം ആണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരന്‍ നവീന്‍, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

വീണ്ടുമൊരു പ്രളയ ദുരിതത്തെ ഒരുമിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്‍. മറ്റെല്ലാം മറന്നും മാറ്റിവച്ചും, പരസ്പരം കൈകോര്‍ത്തും കൈത്താങ്ങായും നമ്മുക്കിടയിലെ മനുഷ്യര്‍ സേവന നിരതരായപ്പോള്‍ അമ്പിളി എന്ന സിനിമയുടെ പ്രമോഷനും പ്രചരണവുമെല്ലാം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓഗസ്റ്റ് 9ന് തിയറ്ററുകളിലെത്തിയ അമ്പിളിയെ പെരുമഴയത്തും തിയറ്ററുകള്‍ നിറച്ച് നിറമനസോടെ സ്വീകരിച്ചതിന് ഹൃദയത്തില്‍ തൊട്ട് നന്ദി. എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളിയെ ആദ്യദിവസങ്ങളില്‍ തന്നെ തിയറ്ററുകളിലെത്തി കണ്ടുവെന്നത് സംവിധായകന്‍ എന്ന നിലയില്‍ വലിയ ആത്മവിശ്വാസമാണ് തന്നത്. കേരളം വലിയൊരു ദുരിതം നേരിടുമ്പോള്‍ സിനിമയെക്കുറിച്ചല്ല സംസാരിക്കേണ്ടതെന്ന ബോധ്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും അമ്പിളിയുടെ പ്രമോഷന്‍ വേണ്ടെന്ന് വച്ചിട്ടും അമ്പിളി വിജയമാക്കിത്തീര്‍ത്തത് മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രമാണ്. നേരിട്ടും ഫോണിലൂടെയും മെസ്സേജായും സിനിമ കണ്ട ശേഷം അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി.

Exit mobile version