പാലക്കാട്: ഇതൊക്കെ എന്ത്.. മലയാളികളുടെ മസിലളിയന്റെ പവര്‍ ഒന്നുകൂടി തെളിയിച്ച് ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്. കഴിഞ്ഞ ദിവസം ഒരു കോളജില്‍ നടന്ന ചടങ്ങുകള്‍ക്കിടിയില്‍ ഉണ്ടായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരായ വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് താരത്തെ കാണാന്‍ ഒത്തുകൂടിയത്. എന്നാല്‍ അതിനിടയിലുണ്ടായ ഒരു അപകടത്തെ താരം നേരിട്ടതിന്റെ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.
പാലക്കാട് എന്‍എസ്എസ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. എന്നാല്‍ തന്റെ ആരാധകരുടെ ആവേശം കണ്ട് താരം വേദിയില്‍ നിന്നിറങ്ങി അവരുടെ സമീപത്തേക്ക് ചെന്നു. താരത്തെ കാണാനും തൊടാനുമായി ആരാധകരും തിരക്കുക്കൂട്ടി ബാരിക്കേഡിന് സമീപമെത്തി. ഇതോടെ ഭാരം താങ്ങനാവാതെ ബാരിക്കേഡ് മറിയാന്‍ തുടങ്ങി. എന്നാല്‍ ഇതു കണ്ട ഉണ്ണി മുകുന്ദന് മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് കൈകള്‍ ഉപയോഗിച്ച് താങ്ങി നിര്‍ത്തി. പിന്നീട് അദ്ദേഹവും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കി.
ഉണ്ണി തന്നെ പിന്നീട് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു. ‘എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുള്ളപ്പോള്‍ നിങ്ങള്‍ വീഴാന്‍ ഒരിക്കലും അനുവദിക്കില്ല’ എന്നാണ് ഉണ്ണി കുറിച്ചത്.
Discussion about this post