വിവാദങ്ങളുടെ കളിത്തോഴിയും ബോളിവുഡ് താരവുമായ രാഖി സാവന്ത് ഒടുവിൽ തന്റെ വിവാഹ വാർത്ത സത്യമാണെന്ന് വെളിപ്പെടുത്തി. രാഖി തന്റെ വിവാഹവസ്ത്രമണിഞ്ഞ ചിത്രങ്ങളോടെയാണ് ഞായറാഴ്ച്ച വാർത്ത പുറത്തു വിട്ടത്. അതേസമയം, ഭർത്താവിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും താരം പുറത്തുവിട്ടിട്ടില്ല. മുപ്പത്തിയാറുകാരനായ റിതേഷ് ആണ് രാഖിയുടെ വരനെന്നാണ് വിവരം. യുകെയിൽ ബിസിനസ്മാനാണ് റിതേഷ്. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ജൂലൈ 28നായിരുന്നു വിവാഹമെന്ന് രാഖി പറയുന്നു.
‘ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്റെ ആരാധകനെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത്. എന്നെ ആത്മാർഥമായി സ്നേഹിക്കുന്ന എന്റെ ആരാധകനെ’ -നാൽപ്പതുകാരിയായ രാഖി പറയുന്നു.
സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ വിവാഹിതരായാൽ പിന്നീട് അവർക്ക് സിനിമകൾ ലഭിക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാർക്ക് ഇതൊന്നും പ്രശ്‌നമാകില്ലെങ്കിലും ഐറ്റം നമ്പറുകൾ ചെയ്യുന്ന എന്നെ പോലുള്ളവരുടെ ജോലിയെ ഇക്കാര്യം ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് വാർത്ത പുറത്തുവിടാൻ മടിച്ചതെന്നും രാഖി വിശദീകരിക്കുന്നു.
തന്റെ സ്വപ്നങ്ങളിലെ പുരുഷനെയാണ് താൻ വിവാഹം ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത്തരം ആശങ്കകളെ താൻ വക വെയ്ക്കുന്നില്ലെന്നും താനിന്ന് സന്തുഷ്ടയായ സ്ത്രീയാണെന്നും രാഖി പറയുന്നു.
ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകൾ നടന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. തത്ക്കാലം ഭർത്താവിനെ മാധ്യമങ്ങൾക്കു മുന്നിൽ കൊണ്ടു വരുന്നില്ലെന്നും 2020ലേ തനിക്ക് കുട്ടികൾ വേണ്ടൂവെന്നും രാഖി പറയുന്നു.
Discussion about this post