തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ചുമരില്‍ നിന്നു വാളിലേക്ക്

ഫേവര്‍ ഫ്രാന്‍സിസ് തെരഞ്ഞെടുപ്പ് കാലമെന്നാല്‍ പരസ്യങ്ങളുടെ കാലമാണ്. പരസ്യങ്ങളെന്നാല്‍ സാദാ ഡൂക്കിലി പരസ്യങ്ങളല്ല. ഒരു കടല്‍ ഭിത്തിക്കും അടക്കിനിറുത്താനാവാത്ത തിരമാലകളെപ്പോലെ നാട് മുഴുവന്‍ അലയടിക്കുന്ന പരസ്യ സുനാമികളാണ് അവ. ചിലയിടങ്ങളെ അവ ചുവപ്പില്‍ മുക്കും, ചിലയിടങ്ങളില്‍ ത്രിവര്‍ണം വിരിയിക്കും. മറ്റു ചിലയിടത്ത് അത് പച്ച ലഡ്ഡു വരെ പൊട്ടിക്കും! സാധ്യമായ എന്തിലും രാഷ്ട്രീയക്കാര്‍ പരസ്യത്തിന്റെ സാദ്ധ്യത കണ്ടെത്തും. അത് പൂരപ്പറമ്പിലെ വിശറിയിലാകാം, മുഖംമൂടി വച്ച സംഭാര വിതരണക്കാരിലാകാം, ചിലപ്പോള്‍ ഒരു പടി കൂടി കടന്നു കല്യാണക്ഷണക്കത്തില്‍ പോലുമാകാം. തെരഞ്ഞെടുപ്പു കാലത്തു പരസ്യം ചെയ്യാന്‍ ഇടമന്വേഷിച്ചു അലയണ്ട ഗതികേട് ഇന്നേ വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടായിട്ടില്ല. പഴയൊരു നാടോടിക്കഥയില്‍ പറയുന്ന പോലെ നടന്നെത്താവുന്ന എല്ലായിടവും അവര്‍ മാസങ്ങള്‍ക്ക് മുന്‍പെ ബുക്ക് ചെയ്തിരിക്കും. അതിനു വീടിന്റെ മതിലെന്നോ പഞ്ചായത്ത് റോഡെന്നോ വ്യത്യാസമില്ല. ഏതു പ്രതലവും പാര്‍ട്ടി കലാകാര•ാര്‍ക്ക് കാന്‍വാസ് ആണ്. പരമ്പരാഗതമായി പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കായി സംരക്ഷിച്ചു പോരുന്ന മതിലുകള്‍ എന്ന പ്രതിഭാസം എന്തുകൊണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണില്‍ പെടുന്നില്ല എന്ന ചോദ്യത്തിന് ആര് ഉത്തരം പറയും? പല യുവാക്കള്‍ക്കും സോഷ്യല്‍ മീഡിയ വാളുകളില്‍ മാത്രമല്ല സാദാ ഇഷ്ടിക ചുമരുകളിലും ടാറിട്ട റോഡുകളിലും രാഷ്ട്രീയം പ്രത്യക്ഷപ്പെടും എന്ന തിരിച്ചറിവിന്റെ കാലമാണ് തെരഞ്ഞെടുപ്പുകാലം. ആഗോള വിപണി തുറന്നതോടെ മൂരാച്ചികളായി മാറി എന്ന് വിശ്വസിക്കപ്പെടുന്ന മലയാളി തന്റെ വീടിന്റെ ചുമരുകളില്‍ പരസ്യം പതിക്കരുത് എന്ന് എഴുതി വച്ചതോടെ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ഗുണ ഗണങ്ങള്‍ വര്‍ണിക്കാന്‍ ഒരിടം കിട്ടാതെ വിപ്ലവം ആറ്റില്‍ ചാടി മരിക്കും എന്ന് കരുതിയ ബൂര്‍ഷ്വാസികള്‍ക്ക് തെറ്റി. ചുവരുകളില്ലെങ്കില്‍ പോസ്റ്റുകള്‍, അല്ല തെറ്റിദ്ധരിക്കണ്ട, ഫേസ്ബുക്ക് പോസ്റ്റുകള്‍ അല്ല, തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ഒന്നാംതരം പോസ്റ്റുംകാലുകള്‍. ചിഹ്നങ്ങള്‍ക്ക് ഇടം പിടിക്കാന്‍ ഇത്ര നല്ലയിടം വേറെ കിട്ടാനില്ല. നിരനിരയായി നില്‍ക്കുന്ന ഈ പോസ്റ്റുകളില്‍ ഉത്സവപ്രതീതി നല്‍കി അവയങ്ങനെ തലയുയര്‍ത്തി നില്‍ക്കും. ഇടയ്ക്കു പോസ്റ്റില്‍ വച്ച് കെട്ടുന്ന സ്ഥാനാര്‍ഥിയുടെ കൊച്ചു ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ബൈക്ക് യാത്രക്കാരന്റെ തല പൊളിക്കും, ചോരയില്‍ കുളിപ്പിച്ച് അവനെ രാഷ്ട്രീയ മാമോദീസ മുക്കും. എന്നാലും അതൊക്കെയാണ് ഹരം. പെരുന്നാളിനും പൂരത്തിനും അരങ്ങുകെട്ടുന്ന പോലെ രാഷ്ട്രീയ വര്‍ണങ്ങള്‍ വിടര്‍ന്നു വിലസുന്ന ഒരു റിയല്‍ ടൈം ലൈന്‍. റോഡില്‍ നിന്നും വീട്ടിലേക്കും ഈ ടൈം ലൈന്‍ നീളും. നോട്ടീസും തെരഞ്ഞെടുപ്പ് സ്ലിപ്പും തെരഞ്ഞെടുപ്പു സമയത്തെത്തുന്ന ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ആശംസാവചനങ്ങള്‍ പേറുന്ന ബഹുവര്‍ണ കാര്‍ഡുകളും വീട്ടില്‍ നിങ്ങളെ തേടിയെത്തും. ചിലപ്പോള്‍ ചിഹ്നങ്ങളുടെ ചെറുപതിപ്പും വീട്ടിലെത്താം. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വീട്ടിലും എത്തിച്ചത് താമര മൊട്ടുകള്‍. ഭൂരിഭാഗം കരിഞ്ഞു പോയെങ്കിലും ചിലയിടത്തൊക്കെ അത് വിരിഞ്ഞു. ഭൂരിപക്ഷം വോട്ടര്‍മാരും കൂടെയുണ്ടെങ്കിലും പക്ഷെ ഇതിനൊരു മറുപടി കൊടുക്കാന്‍ കഴിയാതെ യുഡിഎഫും എല്‍ഡിഎഫും വലഞ്ഞു. അരിവാളും ചുറ്റികയും നെല്‍ക്കതിരും കോണിയും സമ്മാനിക്കാന്‍ കഴിയാതെ അവര്‍ നക്ഷത്രമെണ്ണി. ബിജെപിയുടെ താമര സമ്മാനം വീട്ടില്‍ എത്തിയപ്പോള്‍ പലരും ആദ്യം നോക്കിയത് തങ്ങളുടെ വാര്‍ഡിലെ മറ്റു സ്ഥാനാര്‍ഥികളുടെ ചിഹ്നമായിരുന്നു. ആര്‍ക്കെങ്കിലും ഓറഞ്ചോ ആപ്പിളോ ചുരുങ്ങിയത് ഒരു നേന്ത്രപ്പഴം എങ്കിലും ചിഹ്നമായിട്ടുണ്ടോ? ഒരു ചെറ്യേ ചുറ്റിക, അല്ലെങ്കില്‍ ഒരു അലുമിനിയം കോണി, എവിടെ? എന്നാണാവോ നമ്മുടെ സ്ഥാനാര്‍ഥികള്‍ ടിവിയും സൈക്കിളും അരകല്ലുമൊക്കെ അരങ്ങു വാഴുന്ന തമിഴ്‌നാടിനെ കണ്ടുപഠിച്ചു മിടുക്കരാകാന്‍ പോകുന്നത്? ചുവരെഴുത്തിനും റോഡ് എഴുത്തിനും ഒക്കെ കര്‍ശന നിയന്ത്രണം വന്നുതുടങ്ങി ഇപ്പോള്‍. പക്ഷെ അത് കൊണ്ട് സ്ഥാനാര്‍ഥിയും അണികളും തോറ്റുമടങ്ങുമോ?. നാടോടുമ്പോ ഡിവൈഡറില്‍ കൂടി ഓടി ശീലമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അവരില്‍ തന്നെ മുന്തിയ ഇനമാണ് രാഷ്ട്രീയക്കാര്‍. ചുവരില്ലെങ്കിലും ചിത്രമെഴുതാം എന്ന് തെളിയിച്ചു ലോകത്തെ ഞെട്ടിക്കാനും അവര്‍ തയ്യാര്‍. അതിനായി അവര്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സൃഷ്ടിച്ചു. പഴയ ചുമരെഴുത്ത് സ്ഥാപനങ്ങള്‍ പ്രൊമോഷന്‍ നേടി ഫ്‌ലെക്‌സ് പ്രിന്റിംഗ് സെന്ററുകള്‍ ആയി. വിശാലമായ ബാനറുകള്‍ മാറി ചെറിയ ഫ്‌ലെക്‌സുകള്‍ വന്നു. സ്ഥാനാര്‍ഥിയുടെ കോളിനോസ് പുഞ്ചിരി മാറി ക്ലോസ്അപ് വെണ്മ വന്നു. ആശയങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് വന്നു, സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ വര്‍ണങ്ങളും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവ് സ്ഥാനാര്‍ഥിയുടെ സാധ്യതകളെ ഫ്‌ലെക്‌സില്‍ മാത്രം ഒതുക്കി നിറുത്തിയില്ല. ടീ ഷര്‍ട്ടിലും ഷാളിലും തൊപ്പിയിലും പേനയിലും പീപ്പിയിലും ഫോണ്‍ കവറിലും എന്തിനു ചെരിപ്പില്‍ പോലും സ്ഥാനാര്‍ഥിയും ചിഹ്നവും പുഞ്ചിരിച്ചു നിന്നു. പണ്ടൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആയിരുന്നു പരസ്യകലയുടെ പിന്നണിക്കാരെങ്കില്‍ ഇന്നത് വന്‍കിട പരസ്യ ഏജന്‍സികളുടെ വിളനിലമായി. തെരഞ്ഞെടുപ്പ് ചിഹ്നത്തെ അവര്‍ ലോഗോ എന്ന് വിളിച്ചു. അതിനു നിറങ്ങള്‍ നിശ്ചയിച്ചു. എല്ലായിടത്തും ഒരേ നിറത്തില്‍ ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു, ഒരു പൊതു കേന്ദ്രത്തില്‍ നിന്നുള്ള ക്യാമ്പൈന്‍ എല്ലായിടത്തെയും പ്രചരണങ്ങള്‍ക്കും ഒരുമ നല്‍കി. മുദ്രാവാക്യങ്ങള്‍ ടാഗ് ലൈന്‍ എന്ന് പേര് മാറ്റിയെത്തി നമ്മെ പ്രലോഭിപ്പിക്കുന്നു. ഇന്ത്യ തിളങ്ങുന്നതില്‍ തുടങ്ങി എല്ലാം ശരിയാകും വരെ കാര്യങ്ങള്‍ നീളുന്നു. ചിലര്‍ക്ക് വഴി കാട്ടാന്‍ തിടുക്കം, മറ്റു ചിലര്‍ വീണ്ടും വരാന്‍ വഴി തേടുന്നു. ഇക്കാലത്തെ യുവാക്കളെ വരുതിയിലാക്കാന്‍ ഈ വാചക കസര്‍ത്തൊന്നും പോരാ എന്ന തിരിച്ചറിവാണ് എല്ലാ പാര്‍ട്ടിക്കാരെയും സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകളിലേക്ക് ആകര്‍ഷിച്ചത്. പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞവര്‍ ഇന്നതിനെ മടിയിലിരുത്തി താലോലിക്കുന്നു. നേതാക്കള്‍ക്ക് വേണ്ടി കൂലിയെഴുത്തുകാര്‍ ഫേസ്ബുക്കില്‍ പരസ്പരം പോരടിക്കുന്നു. പഴയ പ്രസ്താവനകളും ചിത്രങ്ങളും വീഡിയോകളും തപ്പിയെടുത്തു ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗ് നടത്തുന്നു. പരസ്പരം ട്രോളുന്നു, വാട്ട്‌സപ്പില്‍ ഏറ്റുമുട്ടുന്നു. നീളന്‍ പ്രസംഗങ്ങള്‍ ചെറു ക്ലിപ്പുകള്‍ക്ക് വഴി മാറുന്നു. തങ്ങളുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന മുഖചിത്രം നിര്‍മിക്കാന്‍ സൂത്രങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നു. പോസ്റ്ററിലെ ഹോളോഗ്രാം തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ സ്ഥാനാര്‍ഥിയുടെ വീഡിയോ കാണാം. സ്വന്തം പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെടെയും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അങ്ങിനെ തെരഞ്ഞെടുപ്പ് പരസ്യ ലോകവും മറ്റു ലോകങ്ങള്‍ പോലെ ഡിജിറ്റല്‍ ആയിക്കഴിഞ്ഞു. ഇപ്പറഞ്ഞതൊക്കെ ശരി തന്നെ. തെരഞ്ഞെടുപ്പ് ലോകം ഡിജിറ്റല്‍ ആയി. ബാലറ്റ് പേപ്പര്‍ മാറി വോട്ടിംഗ് മെഷീന്‍ വന്നു. തുണി ബാനറുകള്‍ മാറി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വന്നു. ചുവരെഴുത്ത് ഇഷ്ടികചുമരില്‍ നിന്നു ഫേസ്ബുക്ക് വാളിലേക്ക് ചേക്കേറി. സ്ഥാനാര്‍ഥിയും പാര്‍ട്ടിയും ആപ്പിലായി. ഇതെല്ലാം തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള കാര്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നും ആപ്പിലാകുന്നത് നമ്മള്‍ പാവം വോട്ടര്‍മാര്‍ തന്നെ. പിന്നെ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കണം തിരിച്ചൊരു ആപ്പ് വെക്കാന്‍. അത് കൊണ്ട് ഒന്നോര്‍ത്തോളൂ. തെരഞ്ഞെടുപ്പില്‍ എങ്കിലും നമ്മള്‍ പരസ്യത്തിന്റെ പുറം മോടിയില്‍ വീണു പോകരുത്. ജനാധിപത്യം നീണാള്‍ വാഴട്ടെ!
ഫേവര്‍ ഫ്രാന്‍സിസ് 9847881382 favourfrancis@gmail.com

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)