ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടുത്തുണ്ടായിട്ടും കുട്ടികള്‍ ആശ്രയിക്കുന്നത് സ്വകാര്യ സ്‌കൂളുകളെയാണ്. സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന കുട്ടികള്‍ക്കുവേണ്ടി ഒരുവര്‍ഷം 1200 കോടി രൂപയോളമാണ് സര്‍ക്കാരിന് ചെലവുവരുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായി വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേരളമാതൃക സ്വീകരിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ നീക്കം.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പ്രഥമപരിഗണന. ഇതുപോലെ കര്‍ണാടകയിലും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തുമെന്നും അതോടൊപ്പം ചെലവും കുത്തനെ കുറയുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. കുട്ടിക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേരാം. ഇവിടെ സീറ്റ് ഇല്ലെങ്കില്‍ തൊട്ടടുത്ത എയിഡഡ് സ്‌കൂളിലാണ് ചേരാന്‍ കഴിയുക. എന്നാല്‍ കര്‍ണാടകത്തില്‍ കുട്ടിക്ക് വീടിനടുത്തുള്ള ഏതു സ്‌കൂളില്‍ വേണമെങ്കിലും ചേരാമെന്നാണ് ചട്ടം. ഇതോടെ പല വിദ്യാര്‍ഥികളും തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേരാതെ സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലുള്ള കുറവാണ്.
Discussion about this post