സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു: പരീക്ഷ ഒക്ടോബറില്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 27ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഒക്ടോബര്‍ 10ലേക്കാണ് മാറ്റിയത്. പരീക്ഷ സെന്ററുകളുള്ള പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

‘നിലവിലെ കോവിഡ് സാഹചര്യത്തില്‍ 2021 ജൂണ്‍ 27 ന് നടത്താന്‍ തീരുമാനിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റി. 2021 ഒക്ടോബര്‍ 10 ന് പരീക്ഷ നടത്തും,” യുപിഎസ്സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിയിരുന്നു. മേയ് 31ന് ഷെഡ്യൂള്‍ ചെയ്ത പ്രിലിമിനറി പരീക്ഷ 2020 ഒക്ടോബര്‍ 4നാണ് നടന്നത്. തുടര്‍ന്ന് മെയിന്‍ എഴുത്ത് പരീക്ഷ നടന്നെങ്കിലും കോവിഡ് വ്യാപനത്താല്‍ അഭിമുഖം താല്‍ക്കാലികമായി വൈകിപ്പിച്ചിരിക്കുകയാണ്.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് എല്ലാ വര്‍ഷവും യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷകള്‍ നടത്തുന്നത്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത.

പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാര്‍ക്ക് വീതമുളള രണ്ടു പേപ്പറുകള്‍ ഉണ്ടാവും. രണ്ടു മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുളള സമയം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

Exit mobile version