സെര്‍വര്‍ തകരാറിലായി; ഇ-വേ ബില്‍ സംവിധാനം അനിശ്ചിതത്ത്വത്തില്‍

e-way bill
കൊച്ചി: അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് ഇ-വേ ബില്‍ സംവിധാനം നടപ്പാക്കുന്നത് അനിശ്ചിതത്ത്വത്തില്‍. ഫെബ്രുവരി ഒന്നിന് നിലവില്‍ വന്ന സംവിധാനം ആദ്യദിനം സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നീട്ടിവെച്ചിരുന്നു. തകരാര്‍ പരിഹരിക്കാനുള്ള നടപടി എങ്ങുമെത്താത്ത സാഹചര്യത്തില്‍ എന്നുമുതല്‍ നടപ്പാക്കാനാകുമെന്നതില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് അധികൃതര്‍ക്ക് വ്യക്തതയില്ല. അരലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനാണ് ഇ--വേ ബില്‍ നിര്‍ബന്ധമാക്കിയത്. ചരക്ക് കയറ്റിയയക്കുന്ന അല്ലെങ്കില്‍ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇ-വേ ബില്‍ തയാറാക്കേണ്ടത്. ചരക്കിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ജി.എസ്.ടി.എന്‍ എന്ന കേന്ദ്രീകൃത ശൃംഖലയിലേക്ക് നല്‍കിയശേഷം ബില്ലിന്റെ പകര്‍പ്പ് വാഹനത്തില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. ജി.എസ്.ടി സ്‌ക്വാഡ് ബില്‍ ഓണ്‍ലൈനായി പരിശോധിച്ച് നികുതി വെട്ടിപ്പ് കണ്ടെത്തണം. രാജ്യത്ത് 1.29 കോടി വ്യാപാരികള്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ 27 ലക്ഷവും. ഇവര്‍ ഒരേസമയം ജി.എസ്.ടി.എന്നില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചതാണ് തകരാറിനിടയാക്കിയത്. ഇ-വേ ബില്‍ സംവിധാനം താല്‍ക്കാലികമായി പിന്‍വലിക്കുകയും ജി.എസ്.ടി സ്‌ക്വാഡുകളുടെ പരിശോധന നാമമാത്രമാകുകയും ചെയ്തതോടെ നികുതിവെട്ടിപ്പ് കൂടിയതായി തിരുവനന്തപുരം ജി.എസ്.ടി കമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. ജി.എസ്.ടി വന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്മന്റെ് സ്‌ക്വാഡുകളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍ എട്ട് സ്‌ക്വാഡ് മാത്രമാണ് പുതുതായി ഉണ്ടായത്. ആകെ 96 സ്‌ക്വാഡ്. ചെക്‌പോസ്റ്റുകളില്‍ ജോലി ചെയ്തിരുന്നവരെ സ്‌ക്വാഡുകള്‍ക്ക് പകരം ഓഫിസുകളിലാണ് പുനര്‍വിന്യസിച്ചത്. മതിയായ സ്‌ക്വാഡ് ഇല്ലാത്തതിനാല്‍ പരിശോധന നാമമാത്രമായി. ഇത് നികുതി വെട്ടിപ്പുകാര്‍ക്ക് സഹായകമായി. നിലവിലെ സ്‌ക്വാഡുകള്‍ കഴിഞ്ഞമാസം 10 ദിവസം മാത്രം പരിശോധന ഊര്‍ജിതമാക്കിയപ്പോള്‍ 2.5 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്താനായി. കൂടുതല്‍ സ്‌ക്വാഡിനെ നിയോഗിച്ചാല്‍ ഈ ഇനത്തില്‍ വരുമാനം കൂട്ടാനാകും. എന്നാല്‍, നിലവിലെ സംവിധാനങ്ങളുമായി മുന്നോട്ടുപോകാനും ചെറിയതോതിലുള്ള നികുതി വെട്ടിപ്പുകള്‍ ഗൗരവമായി കാണേണ്ടെന്നുമാണ് താഴേക്കിടയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)