തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ല. നേരത്തെ ഇതുസംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇത് നടപ്പാക്കാന്‍ സംസ്ഥാന ഗതാഗത കമ്മീഷണര്‍ എല്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഇതോടെ ഓട്ടോറിക്ഷ, ടാക്‌സി, മിനി ബസ്, വലിയ ടാക്സികാറുകള്‍, ചെറിയ ടിപ്പറുകള്‍ എന്നിവ ഓടിക്കാന്‍ ഇനിമുതല്‍ ബാഡ്ജ് ആവശ്യമില്ല.
പുതിയ ഉത്തരവ് പ്രകാരം 7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ബസുകള്‍, ചരക്കുവാഹനങ്ങള്‍, വലിയ ബസുകള്‍, വലിയ ടിപ്പറുകള്‍, എയര്‍ബസുകള്‍ എന്നിവ ഓടിക്കാന്‍ മാത്രമേ ഇനി ബാഡ്ജ് ആവശ്യമുള്ളൂ.
നേരത്തെ കേരളത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്കൊഴികെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനും ബാഡ്ജ് നിര്‍ബന്ധമായിരുന്നു. ഇതുസംബന്ധിച്ച് 2017 ജൂലായ് മൂന്നിനു സുപ്രീംകോടതി വിധിയുണ്ടായിരുന്നു എങ്കിലും ബാഡ്ജിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കിലേടുത്ത് സംസ്ഥാനം വിധി നടപ്പാക്കാതെ ഇരിക്കുകയായിരുന്നു.