ഏഷ്യാകപ്പിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വിശ്രമം നല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകന്‍ രവിശാസ്ത്രി. വിരാടിന് വിശ്രമം ആവശ്യമാണ്, അദ്ദേഹത്തിന്റെ കായികക്ഷമത അപാരമാണ്, വിരാട് കളിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കും എന്നത് നമുക്കറിയാം, മാനസികമായി പൊരുത്തപ്പെടേണ്ടതുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേള നല്‍കി ഉന്മേഷത്തോടെ തിരിച്ചുവരാന്‍ കൂടിയാണ് വിശ്രമം നല്‍കിയതെന്ന് ശാസ്ത്രി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതെ മാനദണ്ഡം തന്നെയാണ് മറ്റു കളിക്കാരുടെ കാര്യത്തിലെന്നും അദ്ദേഹം വ്യക്തമാക്കി. വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഭുംറക്കും ഭുവനേശ്വറിനും വിശ്രമം നല്‍കിയിരുന്നു. ഇരുവരും ഏഷ്യാകപ്പില്‍ പന്തെറിഞ്ഞിരുന്നു.
ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെയാണ് ഏഷ്യാകപ്പ് നടന്നത്. കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മ ടീമിനെ നയിക്കുകയും ഇന്ത്യക്ക് ട്രോഫി നേടിത്തരികയും ചെയ്തു. ഈ മാസം നാലിനാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. പതിഞ്ചംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാണ് ഇന്ത്യ വിന്‍ഡീസുമായുള്ള ടെസ്റ്റിനൊരുങ്ങുന്നത്. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ ഇന്ത്യയെ തോല്‍പിക്കണമെങ്കില്‍ വിന്‍ഡീസ് നന്നായി വിയര്‍ക്കേണ്ടിവരും. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്നതാണ് പരമ്പര. നവംബര്‍ പതിനൊന്നിന് ചെന്നൈയിലാണ് അവസാന മത്സരം.
Discussion about this post