പെറുവിലെ ചരിത്രനഗരമായ മാച്ചു പിച്ചുവിന്റെ യഥാര്‍ഥ പേര് അതല്ലെന്ന് കണ്ടെത്തി ഗവേഷകര്‍. നൂറ് വര്‍ഷത്തിലേറെയായി മാച്ചു പിച്ചുവെന്ന് വിളിക്കുന്ന പ്രദേശത്തെ നഗരം നിര്‍മിച്ച ഇന്‍ക സാമ്രാജ്യത്തിലെ ഭരണാധികാരികള്‍ ഹൊയ്‌ന പിച്ചു എന്നാണ് വിളിച്ചിരുന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പെറുവിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ ചിക്കാഗോയിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ചരിത്രപുസ്‌കങ്ങളിലോ ഡോക്യൂമെന്റുകളിലോ ഒന്നും തന്നെ പ്രദേശത്തിന്റെ പേര് മാച്ചു പിച്ചു എന്ന് പരാമര്‍ശിക്കുന്നില്ല എന്നാണ്. എന്നാല്‍ ഹൊയ്‌ന പിച്ചുവെന്ന് പലയിടത്തും പേരെടുത്ത് പറയുന്നുണ്ട് താനും.
പ്രാദേശിക കെച്ചുവ ഭാഷയില്‍ പുത്തന്‍ അല്ലെങ്കില്‍ യുവത്വം എന്നാണ് ഹൊയ്‌ന എന്നാണ് അര്‍ഥമാക്കുന്നത്. പര്‍വതശിഖരം എന്നാണ് പിച്ചുവിന്റെ അര്‍ഥം. മാച്ചു എന്നാല്‍ പഴയതെന്നും. ഇക്കാലമത്രയും പഴയ പര്‍വതം എന്നാണ് പ്രദേശം അറിയപ്പെടുന്നത്. ഇത്രനാളും വിളിച്ച് പരിചയമായതും ലോകമെങ്ങും അറിയപ്പെടുന്നതും ഈ പേരിലായതിനാല്‍ സാമ്രാജ്യത്തിന്റെ പേര് മാറ്റുന്നതിനോട് ഗവേഷകര്‍ക്ക് താല്പര്യമില്ല.
എഡി 1420നടുത്ത് നിര്‍മിച്ചുവെന്ന് കരുതപ്പെടുന്ന മാച്ചു പിച്ചു സ്പാനിഷുകാര്‍ ഇന്‍ക സാമ്രാജ്യം കീഴടക്കിയതോടെ ഉപേക്ഷിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകളോളം ആന്‍ഡിസ് മലനിരകളില്‍ മറഞ്ഞുകിടന്നിരുന്ന നഗരം 1911ല്‍ അമേരിക്കന്‍ പര്യവേഷകനായ ഹിരം ബിങ്ഹാമാണ് കണ്ടെത്തുന്നത്. നഗരത്തെ മാച്ചു പിച്ചു എന്ന് വിളിച്ചതും ഹിരം തന്നെ.