പിരമിഡിലെ രഹസ്യ അറകള്‍ ‘തുറക്കുന്നു’ : ചരിത്രപ്രധാനമായ പരീക്ഷണത്തിനൊരുങ്ങി ശാസ്ത്രലോകം

ഈജിപ്ഷ്യന്‍ പിരമിഡുകളിലെ നിഗൂഢതകള്‍ മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് പറയാറുണ്ട്. ലോകാത്ഭുകങ്ങളില്‍ ഏറ്റവും കൂടുതല്‍ നിഗൂഢതകളൊളിപ്പിച്ച അപൂര്‍വ സൃഷ്ടികളാണ് പിരമിഡുകള്‍.

പിരമിഡുകളില്‍ ഏറ്റവും പ്രശസ്തമാണ് ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ. ഈജിപ്തില്‍ ബിസി 2551 മുതല്‍ 2528 വരെ അധികാരത്തിലിരുന്ന ഫറവോ കുഫുവിന്റെ ശവകുടീരം എന്ന നിലയ്ക്കാണ് ഇത് നിര്‍മിച്ചത്. പിരമിഡുകളില്‍ ഏറ്റവും വലിപ്പമേറിയതാണ് ഗിസയിലെ പിരമിഡ്. പുരാതനകാലത്തെ ലോകാത്ഭുതങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരേയൊരു അത്ഭുതവും ഇതാണ്.

ഈ പിരമിഡിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ദുരൂഹതകളിലൊന്നാണ് ഇതിനുള്ളിലെ രഹസ്യ അറകള്‍. ഇവ അറകള്‍ തന്നെയാണെന്ന് ഉറപ്പിക്കാനായിട്ടില്ല എങ്കിലും പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണിവ എന്ന് കണ്ടെത്തിയിട്ടുണ്ട്. 2016-17ല്‍ നടത്തിയ സ്‌കാന്‍ പിരമിഡ് എന്ന സര്‍വേയാണ് ഇങ്ങനെ ഒരു പൊള്ളയായ ഭാഗം ഗിസയിലെ പിരമിഡിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. ആ വര്‍ഷത്തെ ഏറ്റവും ചരിത്രപ്രധാനമായ കണ്ടെത്തലായിരുന്നു ഇത്.

ഇപ്പോഴിതാ ഈ ഭാഗങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണ് ശാസ്ത്രലോകം. മ്യൂയോണ്‍ ടോമോഗ്രഫി എന്ന അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ‘എക്‌സ്‌പ്ലോര്‍ ദ ഗ്രേറ്റ് പിരമിഡ്’ എന്ന ദൗത്യം ഗിസയിലെ പിരമിഡ് പരിശോധിക്കാനൊരുങ്ങുന്നത്. കോസ്മിക് രശ്മികളുപയോഗിച്ചുള്ള സ്‌കാനിംഗ് ആണിത്. ഇതുപയോഗിച്ച് ഇമേജിങ് ചെയ്യുമ്പോള്‍ മറ്റ് രീതികളേക്കാള്‍ നൂറ് മടങ്ങ് വ്യക്തമായി പിരമിഡിന്റെ ഘടന വെളിവാക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

കുഫുവിന്റെ കല്ലറ അടങ്ങിയിക്കുന്ന അറയിലേക്കുള്ള നീളന്‍ ഇടനാഴിയുടെ മുകളിലാണ് ഒരു അറ എന്നാണ് നിഗമനം. ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ഈ കല്ലറയിലേക്കുള്ള രഹസ്യ വഴിയാണോ പൊള്ളയായ ഈ ഭാഗത്തുള്ളതെന്ന് ശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ട്. ഇത് ഒരു വലിയ അറയാണോ അനേകം അറകള്‍ കൂടിച്ചേര്‍ത്ത ഒന്നാണോ എന്നൊന്നും അറിവില്ല.

എന്തായാലും ചരിത്രപ്രധാനമായ ഒരു പരീക്ഷണത്തിനാണ് ശാസ്ത്രജ്ഞര്‍ തുടക്കം കുറിച്ചിരിക്കുന്നത്. അറകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുന്നതോടെ വലിയ ഒരു വഴിത്തിരിവിനാകും ലോകം സാക്ഷ്യം വഹിക്കുക എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.

Exit mobile version