പിരമിഡുകളുടെ മുകളില്‍ നിന്ന് നാല്പ്പത് നൂറ്റാണ്ടുകള്‍ മാനവരാശിയെ അധികാരത്തോടെ നോക്കുന്നു എന്നാണ് ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയന്‍ ഈജിപ്ഷ്യന്‍ പിരമിഡുകളെ വിശേഷിപ്പിച്ചത്. ലോകാത്ഭുതങ്ങളില്‍ ഏറ്റവും കൂടുതല്‍ നിഗൂഢതകളൊളിപ്പിച്ച, ഒരു സാമ്രാജ്യത്തിന്റെ തന്നെ ബാക്കിപത്രമായ അപൂര്‍വ്വ സൃഷ്ടികളാണ് പിരമിഡുകള്‍.
രാജാക്കന്മാര്‍ ദൈവങ്ങളാണെന്നും അവരുടെ ആത്മാവിന് മരണമില്ലെന്നും മരണാനന്തര ജീവിതത്തിന് ഭൗതിക സുഖഭോഗങ്ങള്‍ ആവശ്യമാണെന്നും അന്ധമായ വിശ്വസിച്ച ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ രാജാക്കന്മാരുടെ മരണശേഷം അവരുടെ നിത്യോപയോഗ സാധനങ്ങളും പരലോകത്ത് അവര്‍ക്ക് ആവശ്യമായി വന്നേക്കാം എന്നവര്‍ കരുതിയിരുന്ന വസ്തുക്കളും അമൂല്യങ്ങളായ നിധികളും കൊണ്ട് അവരുടെ കല്ലറകള്‍ നിറച്ചു വെച്ചു. ജീര്‍ണിക്കാതിരിക്കാന്‍ വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ പുരട്ടി മമ്മിയെന്ന് വിളിച്ച മൃതശരീരങ്ങള്‍ക്ക് മുന്നില്‍ പിരമിഡുകള്‍ തലയുയര്‍ത്തി നിന്നു. അവയ്ക്ക് പിന്നില്‍ നൂറ്റാണ്ടുകളുടെ ചരിത്രം അതിന്റെ എല്ലാ പ്രൗഢിയിലും ശാന്തമായുറങ്ങി.
ഇന്ന് വരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മഹത്തായ പുരാവസ്തു എന്ന് തന്നെ ഗവേഷകര്‍ വിശേഷിപ്പിക്കുന്ന ഒന്നാണ് പിരമിഡുകള്‍. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണിവ. ഈജിപ്തിനെ ലോകമറിയുന്നത് തന്നെ പിരമിഡുകളിലൂടെയാണ്. ഇതില്‍ ബിസി 1332-1323 കാലയളവില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ തുത്തന്‍ ഖാമന്റെ പിരമിഡ് ഏറെ പ്രശസ്തവും ഇന്നും ഏറെ നിഗൂഢതകള്‍ സൂക്ഷിച്ചിരിക്കുന്നതുമായ ഒരു കല്ലറയാണ്. 1923ല്‍ ഇന്നേ ദിവസം ഫെബ്രുവരി 16നാണ് തുത്തന്‍ ഖാമന്റെ മമ്മി ആദ്യമായി കണ്ടെത്തുന്നത്. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തല്‍ നടത്തിയത് ഹോവാര്‍ഡ് കാര്‍ട്ടര്‍ എന്ന പര്യവേക്ഷകനാണ്.
#OnThisDay 1923: Howard Carter finally unsealed the burial chamber of King Tutankhamun. pic.twitter.com/MScdqopMXp
— Yesterday Channel (@YesterdayTweets) February 16, 2018
1891ൽ പലരാജ്യങ്ങളെയും പോലെ ഈജിപ്തും ബ്രിട്ടന്റെ അധീനതയിലായിരിക്കെയാണ് ബ്രിട്ടീഷ് പര്യവേക്ഷകനായ ഹോവാഡ് ഈജിപ്തിലെത്തുന്നത്. കൗമാരത്തില്‍ തന്നെ ഭരണാധികാരിയായി അധികം വൈകാതെ മരിച്ച തുത്തന്‍ ഖാമനിലേക്ക് കാര്‍ട്ടര്‍ തന്റെ പഠനമെല്ലാം കേന്ദ്രീകരിച്ചു.
ആറ് വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും കാര്‍ട്ടറിനു സംഘത്തിനും തുത്തന്‍ ഖാമന്റെ മമ്മി കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെ, 1922 നവംബര്‍ ഒന്നിന് കാര്‍ട്ടര്‍ ഒരു അവസാന ശ്രമത്തിന് തുടക്കമിട്ടു. ഈജിപ്തിലെ പ്രശസ്തമായ രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പ്രദേശത്ത് തിരച്ചിലിലേര്‍പ്പെട്ട അദ്ദേഹത്തിന് തുത്തന്‍ ഖാമന്റെ മുദ്രകള്‍ ആലേഖനം ചെയ്ത ചില ചരിത്ര വസ്തുക്കള്‍ കിട്ടിയത് പ്രതീക്ഷ നല്‍കി.
നവംബര്‍ അഞ്ചിന് ഒരു കല്ലറയിലേക്കുള്ള പടിക്കെട്ടുകള്‍ കാര്‍ട്ടറും സംഘവും കണ്ടെത്തി. അടച്ചിട്ട ഒരു പ്രവേശന കവാടത്തിലേക്കായിരുന്നു ആ പടിക്കെട്ടുകള്‍. ആരുടെ കല്ലറയാണിതെന്നോ അതിനുള്ളില്‍ എന്തായിരുന്നെന്നോ ധാരണയില്ലാതിരുന്ന കാര്‍ട്ടര്‍ അതിനുള്ളില്‍ കടന്ന് തിരച്ചില്‍ നടത്തി. നവംബര്‍ അവസാനത്തോടെ കല്ലറയുടെ വാതില്‍ പര്യവേഷകര്‍ പൊളിച്ചു മാറ്റി. അതിലൂടെ പ്രവേശിച്ച കാര്‍ട്ടര്‍ 26 അടി ദൂരം നടന്നപ്പോള്‍ അടഞ്ഞു കിടന്ന മറ്റൊരു വാതിലിന് സമീപമെത്തി. രണ്ടാമത്തെ വാതിലില്‍ ഒരു ദ്വാരമുണ്ടായിരുന്നു. അതിനുള്ളിലേക്ക് മെഴുകുതിരി നീട്ടിക്കൊണ്ട് കാര്‍ട്ടര്‍ പരിശോധിച്ചു.
ദ്വാരത്തിലൂടെ കണ്ട കാഴ്ചയില്‍ കാര്‍ട്ടര്‍ ഞെട്ടിത്തരിച്ചു പോയി. സ്വര്‍ണത്തില്‍ നിര്‍മിച്ച അനേകമനേകം വസ്തുക്കള്‍. ഒരായുഷ്‌കാലത്തിന്റെ നിധി. ആന്റ് ചേംബര്‍ എന്നായിരുന്നു ആ മുറി അറിയപ്പെട്ടിരുന്നത്. മുറിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയ ശേഷം നിരീക്ഷണം തുടര്‍ന്ന കാര്‍ട്ടര്‍ മറ്റൊരു വാതില്‍ കണ്ടെത്തി. ഒരു വലിയ അറയിലേക്ക് തുറക്കുന്നതായിരുന്നു ആ വാതില്‍. ഈ അറയില്‍ പ്രവേശിച്ച കാര്‍ട്ടറും സംഘവും കുറേ തിരച്ചിലുകള്‍ക്കും പൊളിക്കലുകള്‍ക്കും ശേഷം ഒരു ശവപേടകം കണ്ടെടുത്തു. അതായിരുന്നു തുത്തന്‍ ഖാമന്റെ പേടകം, പൂര്‍ണമായും സ്വര്‍ണം കൊണ്ടുള്ളത്. ഏറെ ശ്രദ്ധയോടെ കാര്‍ട്ടര്‍ പേടകം തന്റെ പരീക്ഷണശാലയിലേക്ക് മാറ്റി. പിന്നീട് ഒന്നര വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് വീണ്ടും പേടകം തുറന്നത്. വിവിധ പാളികളായുള്ള മൂടികള്‍ തുറന്ന് നീക്കിയതോടെ തുത്തന്‍ ഖാമന്റെ മമ്മി ലോകത്തിന് മുന്നില്‍ അനാവൃതമായി.
മൂന്ന് ശവപെട്ടികൾക്കുളിലാണ് തുത്തൻ ഖാമിന്റെ മമ്മി സൂക്ഷിച്ചിരുന്നത്. മറ്റ് ഈജിപ്ഷൻ മമ്മികളിൽ നിന്നും വ്യത്യസ്തമായി തുത്തൻ ഖാമന്റെ മമ്മി അഴുകിയിരുന്നു.
മമ്മിയുടെ തലയുടെ പിന്നിൽ ഇരുമ്പ് തലയണയും ശരീരം മുഴുവൻ പലതരം ആഭരണങ്ങളും ഉണ്ടായിരുന്നു. അരക്കെട്ടിലെ സ്വർണ്ണ അരഞ്ഞാണത്തിലാണ് വാൾ തൂക്കിയിരുന്നത്. വിലയേറിയ രത്നങ്ങൾ കൊണ്ട് വാൾ അലങ്കരിച്ചിരുന്നു. തുത്തൻ ഖാമന്റെ മമ്മിയിൽ അമൂല്യമായ നൂറ്റിഅമ്പതോളം ആഭരണങ്ങളും ഉണ്ടായിരുന്നു. ഇത് കൂടാതെ ഒരു സ്വർണ്ണ സിംഹാസനം, തടിയിൽ തീർത്ത ശില്പങ്ങൾ, ഫറവോയുടെ ഭാര്യയുടെ പ്രതിമ എന്നിവയും ശവകുടീരത്തിൽ നിന്നും കണ്ടെടുത്തു. ഇവിടെ നിന്നും കണ്ടെടുത്ത ആഭരണങ്ങളെ കുറിച്ചും മറ്റും കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞാൽ പുരാതന ഈജിപ്റ്റിന്റ വിചിത്രങ്ങളായ ആചാരങ്ങളുടെ ഏകദേശ രൂപം അറിയാനാകും.
തുത്തൻ ഖാമന്റെ മൃതശരീരം അഴുകിയത് ചരിത്രകാരന്മാരെയും ശാസ്ത്രജ്ഞരെയും കുഴക്കുന്ന ഒരു രഹസ്യമാണ്. ഇതിനേക്കാൾ പഴക്കം ഉള്ള മമ്മികൾ ഇപ്പോഴും കേട് കൂടാതെയുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൃതശരീരത്തിൽ തേച്ചുപിടിപ്പിക്കുന്ന ഔഷധ ഗുണം ഉള്ള എണ്ണയാണ് കേട് കൂടാതെയിരിക്കാന്‍ സഹായിക്കുന്നത്. കാലം ചെന്നപോൾ ഈ എണ്ണ തൊലിയിലേക്ക് ഇറങ്ങി അതിനെ നശിപ്പിച്ചതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ ഈ വാദം ശാസ്ത്രീയമായി തെളിക്കപ്പെട്ടിട്ടില്ല.
തുത്തൻ ഖാമന്റെ മമ്മി അഴുകുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞാൽ ഒരു പക്ഷെ, മമ്മികൾ നിർമിക്കുന്നതിന്റെ രഹസ്യം ലോകത്തിന് മനസിലാക്കാന്‍ കഴിഞ്ഞേക്കും. എന്നാൽ പുരാവസ്തു ശാസ്ത്രത്തിന് തല്കാലം ഇതേക്കുറിച്ചു ഒന്നും അറിയില്ല.
ഫറവോയുടെ ശാപം എന്ന മിത്ത് നിലനിന്നിരുന്ന കാലത്ത് തന്നെയാണ് കാര്‍ട്ടറും സംഘവും പിരമിഡിനുള്ളില്‍ പ്രവേശിക്കുന്നത്. ഫറവോമാരുടെ കല്ലറ തുറക്കുന്നവര്‍ക്ക് മരണം ഉറപ്പ് എന്ന അന്ധമായ വിശ്വാസം അക്കാലത്ത് പിരമിഡുകളുടെ പര്യവേഷണത്തില്‍ നിന്ന് ഗവേഷകരെ പിന്തിരിപ്പിച്ചിരുന്നു. കാര്‍ട്ടറുടെ സംഘത്തില്‍ നിന്ന് ആദ്യമായി തുത്തന്‍ ഖാമന്റെ കല്ലറയ്ക്കുള്ളില്‍ പ്രവേശിച്ച കര്‍നാര്‍വോണ്‍ പ്രഭുവിന് കല്ലറ തുറന്ന് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ അപ്രതീക്ഷിത മരണം സംഭവിച്ചു.ഷേവ് ചെയ്യുമ്പോൾ റേസറിൽനിന്നേറ്റ അണുബാധയായിരുന്നു കാരണം. ഇദ്ദേഹത്തിന്റെ മരണം ഇന്നും തുത്തന്‍ഖാമന്റെ ശാപമാണെന്നാണ് ഈജിപ്തുകാര്‍ വിശ്വസിക്കുന്നത്. പിരമിഡന്റെ പര്യവേഷണത്തിനായി കാര്‍ട്ടറിന് സാമ്പത്തിക സഹായം നല്‍കിയത് കര്‍നാര്‍വോണ്‍ പ്രഭു ആയിരുന്നു.
തുത്തൻഖാമന്റെ പര്യവേഷണശ്രമങ്ങളുമായി സഹകരിച്ച പലരും പിന്നീട് അസാധാരണ മരണങ്ങൾക്കിരയായി. ഖാമന്റെ കബറിൽനിന്നു കണ്ടെടുത്ത വസ്‌തുവകകൾ ലിസ്‌റ്റ് ചെയ്യാൻ സഹായിച്ച റിച്ചാർഡ് ബെഥേൽ 47-ാം വയസിൽ ആത്മഹത്യ ചെയ്‌തു. പര്യവേഷണ സംഘത്തിലുണ്ടായിരുന്ന അമേരിക്കൻ കോടീശ്വരൻ ജോർജ് ഗുഡ് ന്യൂമോണിയ ബാധിച്ചു മരിച്ചു. അദ്ദേഹം മരിക്കുമ്പോൾ മമ്മി കണ്ടെത്തി കൃത്യം ഒരു വർഷം തികഞ്ഞിരുന്നു. ഇങ്ങനെ പര്യവേഷക സംഘത്തിലുണ്ടായിരുന്ന ഒരു ഡസനോളം പേരിൽ ഏതാണ്ടെല്ലാവരും പത്തു വർഷത്തിനുള്ളിൽ അസാധാരണ മരണത്തിനിരയായി. എന്നാൽ ഒരാൾ മാത്രം മമ്മി കണ്ടെത്തി 17 വർഷങ്ങൾക്കു ശേഷം 64-ാം വയസിൽ സാധാരണ മരണം വരിച്ചു. തുത്തൻഖാമന്റെ പര്യവേക്ഷണങ്ങൾക്കു നേതൃത്വം വഹിച്ച ഹവാർഡ് കാർട്ടർ!
Discussion about this post