ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

Hajj | Bignewslive

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് അനുമതി ഉണ്ടാവില്ല എന്ന് സൗദി അറിയിച്ചതിന് പിന്നാലെയാണിത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ഥാടനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ സൗദി തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി.അറുപതിനായിരം തീര്‍ഥാടകരെ മാത്രമാണ് ഈ വര്‍ഷം ഹജ്ജിന് അനുവദിക്കുകയെന്നും സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. അപേക്ഷകര്‍ രാജ്യത്തെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികള്‍ അനുസരിച്ച് വാക്‌സിനേഷന്‍ എടുത്തവരായിരിക്കണമെന്നും 18നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്കേ കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളൂവെന്നും സൗദി ആരോഗ്യമന്ത്രാലയവും ഹ്ജ്ജ് മന്ത്രാലയവും അറിയിച്ചിരുന്നു.

ജൂലൈ പകുതിയോടെയാണ് ഹജ്ജിന് തുടക്കമാവുക. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. 2019ല്‍ ഇരുപത് ലക്ഷത്തോളം ആളുകളാണ് ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുത്തത്.

Exit mobile version