റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു.
അറുപതിനായിരം തീര്‍ത്ഥാടകരെ മാത്രമാവും അനുവദിക്കുക. വിദേശത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ല. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ രാജ്യത്തെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികള്‍ അനുസരിച്ച് വൈറസിനെതിരെ വാക്‌സിനേഷന്‍ എടുത്തവരായിരിക്കണം. 18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാത്രമേ കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളു എന്നും സൗദി ആരോഗ്യമന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചു.
സൗദി അറേബ്യ മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഒന്നാം സ്ഥാനം നല്‍കുന്നു. ഹജ്ജ് കര്‍മത്തിനായി എല്ലാ വര്‍ഷവും വളരെയധികം ആളുകള്‍ എത്താറുണ്ട് എന്നതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ് എന്ന് മനസ്സിലാക്കിയാണ് നടപടി. മന്ത്രാലയം അറിയിച്ചു.
ജൂലൈ പകുതിയോടെയാണ് ഹജ്ജിന് തുടക്കമാവുക. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. 2019ല്‍ ഇരുപത് ലക്ഷത്തോളം ആളുകളാണ് ഹജ്ജ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്.