ജയ്പുര്‍: മുംബൈയെ വീഴ്ത്തി രാജസ്ഥാന്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍തോല്‍വിയില്‍ നിന്ന് രക്ഷനേടാന്‍ നായകനേയും മാറ്റി കളത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും (59) റിയാന്‍ പരാഗിന്റെയും(43) ഇന്നിങ്‌സാണ് രാജസ്ഥാന് നിര്‍ണായകമായത്.
സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്- 161/5, രാജസ്ഥാന്‍ റോയല്‍സ് 162/5.
ടോസ് നേടിയ രാജസ്ഥാന്‍, മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (5) മടങ്ങിയതോടെ മുംബൈ അപകടം മണത്തു. എന്നാല്‍, ക്വിന്റണ്‍ ഡി കോക്കും (47 പന്തില്‍ 65) സൂര്യകുമാര്‍ യാദവും(34) മുംബൈക്ക് കരുത്തുപകര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 108 റണ്‍സ് ആയതിനു പിന്നാലെ ഈ കൂട്ടുകെട്ടും തകര്‍ന്നു. ഇതോടെ ടീം തകര്‍ന്നു. പിന്നീട വന്ന ഹാര്‍ദിക് പാണ്ഡ്യ (23), കീറണ്‍ പൊള്ളാഡ് (10) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ബെന്‍ കട്ടിങ്ങും (13) ക്രുണാല്‍ പാണ്ഡ്യയും (2) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് അജിന്‍ക്യ രഹാനെയെ (12) പെട്ടെന്ന് നഷ്ടമായെങ്കിലും സഞ്ജു വി സാംസണ്‍ (35) മികച്ച തുടക്കം നല്‍കി. ഒരു സിക്‌സും ആറു ഫോറുമായി മലയാളി താരം ടോപ് ഗിയറിലേക്ക് മാറുന്നതിനിടയില്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ മടങ്ങി. പിന്നാലെ എത്തിയ ബെന്‍സ്‌റ്റോക്‌സ് (0) റണ്‍സെടുക്കാതെ മടങ്ങിയെങ്കിലും, സ്മിത്ത് (48 പന്തില്‍ 59), റിയാന്‍ പരാഗിനെ (29 പന്തില്‍ 43) കൂട്ടുപിടിച്ച് ടീമിനെ ജയത്തിലേക്കെത്തിച്ചു. 79 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പൊരുക്കിയ ഈ സഖ്യമാണ് ടീമിന് വിജയമൊരുക്കിയത്. പരാഗും പിന്നാലെയെത്തിയ ആഷ്ടണ്‍ ടേണറും (0) പുറത്തായെങ്കിലും സ്റ്റുവര്‍ട്ട് ബിന്നി (7) സ്മിത്തിനൊപ്പം പിടിച്ചു നിന്നു ജയത്തിലേക്ക് കൈപിടിച്ചു.