മുംബൈ: ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് മുബൈ ആരാധകരുടെ നെഞ്ച് പൊള്ളിയിരിക്കണം. രാഹുലിന്റേയും ഗെയിലിന്റേയും താണ്ഡവത്തില്‍ കിങ്സ് ഇലവന് പഞ്ചാബ് ഉയര്‍ത്തിയത് 198 എന്ന കൂറ്റന്‍ വിജയലക്ഷ്യം. പേശീവലിവ് കാരണം വിശ്രമത്തിലായ രോഹിത് ശര്‍മ്മയില്‍ നിന്നും മുംബൈയുടെ നായകസ്ഥാനം ഏറ്റെടുത്ത കീരന് പൊള്ളാഡിന്റെ തീരുമാനം തെറ്റെന്ന് ഓരോ മുംബൈ ആരാധകനും മുറുമുറുത്ത നിമിഷം. മറുപടി ബാറ്റിങിനിറങ്ങിയപ്പോഴും മുംബൈയ്ക്ക് കാര്യമായി ആദ്യത്തെ പത്ത് ഓവറില്‍ ചെയ്യാനുണ്ടായിരുന്നില്ല. പേരുകേട്ട ബാറ്റ്സ്മാന്മാര് ചേര്‍ന്നെടുത്തത് 65 റണ്‍സ് മാത്രം.
എന്നാല്‍ പിന്നീട് ബാറ്റിങിന്റെ ഗിയര്‍ തന്നെ ചേഞ്ച് ചെയ്തായിരുന്നു പൊള്ളാഡ് നേരിട്ട് ഇറങ്ങി പഞ്ചാബിന്റെ ഓരോ ബോളേഴ്സിനേയും അടിച്ചോടിച്ചത്. അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച പൊള്ളാഡ് 31 പന്തില്‍ 83 റണ്‍സ് നേടി മുംബൈയുടെ വിജയത്തിന്റെ നട്ടെല്ലായി. പത്ത് സിക്സും 4 ഫോറും അടങ്ങുന്നതാണ് പൊള്ളാഡിന്റെ ഇന്നിംങ്സ്. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ മുംബൈ പഞ്ചാബില്‍ നിന്നും ജയം പിടിച്ചെടുത്തു.
അവസാന ഓവറില്‍ രാജ്പുതിന്റെ പന്തില്‍ മില്ലെര്‍ക്ക് പിടികൊടുത്ത് പൊള്ളാഡ് പുറത്തായെങ്കിലും അവസാന പന്തില്‍ രണ്ടു റണ്‍സ് നേടിയ അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലെത്തിച്ചു. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കു ഉയര്‍ന്നു.
ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ്, ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 197 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 64 പന്തില്‍ 6 വീതം സിക്സും ബൗണ്ടറിയുമായ് രാഹുല്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടി. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഗെയിലും രാഹുലും തകര്‍ത്തടിച്ച് കൂട്ടുകെട്ട് 116 റണ്‍സ് കടന്നിരുന്നു. 36 പന്തില്‍ 63 റണ്‍സെടുത്ത ഗെയിലിനെ പുറത്താക്കി ജേസണ്‍ ബെഹറന്‍ഡോര്‍ഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
Discussion about this post