ന്യൂഡല്‍ഹി: ശ്രീശാന്തിന് ആശ്വാസമായി സുപ്രീംകോടതി വിധി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി നീക്കി. മൂന്ന് മാസത്തിനകം പുതിയ ശിക്ഷ ബിസിസിഐയ്ക്ക് വിധിക്കാമെന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ക്രിമിനല്‍ കുറ്റവും അച്ചടക്ക നടപടിയും വ്യത്യസ്തമാണെന്നും ശിക്ഷാ കാലാവധിയില്‍ പുനഃപരിശോധന വേണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചു.
ആറു വര്‍ഷത്തെ തന്റെ കഷ്ടപ്പാടിന് അറുതി വരുത്താന്‍ കോടതി ഇടപെടണമെന്നായിരുന്നു മുന്‍ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജി. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം. അതേസമയം, ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നായിരുന്നു ബിസിസിസി കോടതിയില്‍ വാദിച്ചത്.
2013ലെ ഐപിഎല്‍ ാതുവയ്പ്പ് കേസില്‍ ഇപ്പോഴും തുടരുന്ന ബിസിസിഐ വിലക്കിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്തത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാന്‍ കഴിയുന്നില്ലെന്ന് ശ്രീശാന്ത് പരാതിപ്പെട്ടിരുന്നു. രാജസ്ഥാന് റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാന്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിസിഐ നിലപാടെടുത്തത്. ഇതിനെ തള്ളിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
Discussion about this post