ന്യൂഡല്‍ഹി: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ ജീവിതത്തിലേക്ക്. ക്രിക്കറ്റ് താരങ്ങള്‍ സഹായവുമായി എത്തിയതോടെയാണ് മികച്ച ചികിത്സ ലഭിച്ചതോടെയാണ് ജേക്കബ് അപകടാവസ്ഥ തരണം ചെയ്തത്. ഡിസംബര്‍ 27നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. താരം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബം ശരിയായ ചികിത്സ നല്‍കാന്‍ വിഷമിച്ചതോടെ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പല മുന്‍താരങ്ങളും കുടുംബത്തെ സഹായിക്കാന്‍ രംഗത്തിറങ്ങി.
നേരത്തെ ബിസിസിഐ അഞ്ചു ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷവും മാര്‍ട്ടിന്റെ കുടുംബത്തിന് കൈമാറിയിരുന്നു. ക്രുണാല്‍ പാണ്ഡ്യ ബ്ലാങ്ക് ചെക്ക് എഴുതി നല്‍കി എത്ര തുക വേണമെങ്കിലും എടുക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു