കളത്തിനകത്തും പുറത്തും പടവെട്ടി ശ്രീലങ്കന്‍ താരങ്ങള്‍; മലിംഗയുടെ ഭാര്യയുമായി തല്ലുകൂടി പെരേരയുടെ ഭാര്യ; ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ നാണംകെട്ട് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിനെ നാണംകെടുത്തി താരപത്‌നി മാരുടെ പടവെട്ടല്‍. ലസിത് മലിംഗയുടേയും തിസാര പെരേരയുടേയും ഭാര്യമാര്‍ തമ്മിലുള്ള ഫേസ്ബുക്കിലൂടെയുള്ള ആക്രമണവും പ്രത്യാക്രമണവുമാണ് ക്രിക്കറ്റിനെ തന്നെ നാണക്കേടിലാഴ്ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി തോല്‍വികള്‍ നേരിട്ട് ശ്രീലങ്കന്‍ ടീം ക്ഷീണിച്ചിരിക്കെയാണ് സോഷ്യല്‍മീഡിയയിലെ ഈ തിരിച്ചടിയും. ഇരുതാരങ്ങളുടെയും ഭാര്യമാരുടെ തമ്മിലടി രൂക്ഷമായതോടെ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു. ഇതുകാരണം രാജ്യത്തിനും ആരാധകര്‍ക്കും മുന്നില്‍ തങ്ങള്‍ വെറും പരിഹാസ കഥാപാത്രങ്ങളായി മാറുന്നുവെന്ന് ക്രിക്കറ്റ് ബോര്‍ഡിന് അയച്ച കത്തില്‍ പെരേര പറയുന്നു.

ശ്രീലങ്കയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് വഴിമരുന്നായത്. തുടര്‍ന്ന് മലിംഗയുടെ ഭാര്യയായ ടാനിയയും പെരേരയുടെ ഭാര്യയായ ഷെരാമിയും വിഷയത്തില്‍ ഇടപെട്ടതോടെ സംഭവം ആളിക്കത്തി.

തിസാര പെരേര രാഷ്ട്രീയത്തെ ശ്രീലങ്കന്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നവെന്ന ആരോപണവുമായി ആദ്യം ടാനിയ മലിംഗയാണ് രംഗത്തുവന്നത്. ടീമില്‍ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കന്‍ ടീമിലെ ഒരംഗം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു ടാനിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റില്‍ ടാനിയ ആരുടേയും പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇതിനൊപ്പം ഒരു പാണ്ടയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഈ പോസ്റ്റ് പെരേരയെക്കുറിച്ചുള്ളതാണെന്ന് സംസാരം തുടങ്ങിയത്. ഓസ്ട്രേലിലയയില്‍ തിസാര പെരേര അറിയപ്പെടുന്നത് പാണ്ട എന്ന പേരിലാണ്. ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബേന്റെ താരമായിരുന്ന പെരേരയ്ക്ക് ഓസീസ് താരം ജോര്‍ജ് ബെയ്‌ലി നല്‍കിയ പേരാണ് പാണ്ട.

ഇതോടെ ഷെരാമി പെരേരയ്ക്ക് കലിപ്പായി, ഉടന്‍ മറുപടി പോസ്റ്റുമായി ഷെരാമി രംഗത്തെത്തി. ടാനിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഷെരാമി ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിക്കുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നിയതോടെ പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ തേടി കത്തയച്ചിരിക്കുകയാണ്.

Exit mobile version