തൃശൂര്‍: ബോട്‌സ്വാന ദേശീയ ടീം കളത്തിലിറങ്ങുമ്പോള്‍ ബാറ്റേന്താന്‍ ഒരു തൃശ്ശൂരുകാരന്‍ കൂടിയുണ്ടാവും. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടിട്വന്റി ലോകകപ്പിന്റെ ആഫ്രിക്കന്‍ യോഗ്യതാ മത്സരങ്ങള്‍ക്കായാണ് ബോട്‌സ്വാന ദേശീയ ടീം കളിക്കാന്‍ ഒരുങ്ങുന്നത്.
തൃശ്ശൂരിലെ നാട്ടിന്‍പുറങ്ങളില്‍ ക്രിക്കറ്റ് കളിച്ചുനടന്ന വിനു പ്രഭാകര്‍ എന്ന യുവാവാണ് ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയ്ക്കു വേണ്ടി കളിക്കാനിറങ്ങുന്നത്.
മണ്ണുത്തി മുക്കാട്ടുകര ചെറുവാരവീട്ടില്‍ പരേതനയായ ബാലകൃഷ്ണന്റെയും വിജയലക്ഷ്മിയുടേയും മകനാണു വിനു. 2011ല്‍ കോളേജില്‍ പഠിക്കുമ്പോഴാണു വിനു ക്രിക്കറ്റ് കാര്യമായി കളിച്ചു തുടങ്ങുന്നത്. അതും തൃശൂര്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകന്‍ കെ വിശ്വംഭരന്‍ വിനുവില്‍ മികച്ചൊരു ഓള്‍റൗണ്ടര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞതോടെയായിരുന്നു.
വിനു പിന്നീട് തൃശൂര്‍ ക്രിക്കറ്റ് അക്കാദമി ടീമിന്റെ നായകനായി. സെന്റ് അലോഷ്യസ് കോളേജില്‍ പി.ജി വിദ്യാര്‍ഥിയായിരിക്കേ കോളേജ് ടീമിനെയും നയിച്ചു. ജില്ലാ ക്രിക്കറ്റ് അക്കാദമി താരമായി പരിശീലനം തുടര്‍ന്ന വിനു പിന്നീട് ജോലിയുടെ ഭാഗമായി 2015ലാണ് ബോട്‌സ്വാനയിലെത്തുന്നത്.
വിനു ജോലി ചെയ്യുന്നത് ചോപ്പീസ് എന്ന കമ്പനിയിലാണ്. കമ്പനിക്ക് ചോപ്പീസ് ക്രിക്കറ്റ് ക്ലബ്ബ് എന്ന പേരില്‍ ഒരു ടീം ഉണ്ടായിരുന്നു. വൈകാതെ തന്നെ വിനു ചോപ്പീസ് ടീമിനായി കളത്തിലിറങ്ങി. ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ലഭിച്ച വിനു, ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ മറ്റു ടൂര്‍ണമെന്റുകളിലും തിളങ്ങിയതോടെയാണ് ദേശീയ ടീമില്‍ ഇടം ലഭിച്ചത്.