32-ാം വയസ്സില്‍ വിരമിച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് താരം; പിന്‍മാറ്റം യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന് വേണ്ടി മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ 32കാരനായ പ്രവീണ്‍ കുമാര്‍ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എന്നാല്‍ പ്രവീണ്‍ കുമാറിന്റെ വിരമിക്കല്‍ വാര്‍ത്ത ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ വിരമിക്കുകയാണെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബോളിംഗ് പരിശീലകനായി താനുണ്ടാകുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പ്രവീണ്‍ കുമാര്‍ ഇന്ത്യയ്ക്കായി 68 ഏകദിനവും ആറ് ടെസ്റ്റും 10 ടി 20 മത്സരവും കളിച്ചിട്ടുളള താരമാണ്. ഏകദിനത്തില്‍ 36.02 ശരാശരിയില്‍ 77ഉം ടെസ്റ്റില്‍ 25.81 ശരാശരിയില്‍ 27ഉം ടി20യില്‍ 24.12 ശരാശരിയില്‍ എട്ടും വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രവീണ്‍ കുമാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത് 2007ല്‍ പാകിസ്ഥാനെതിരെയുള്ള ഏകദിന മത്സരത്തിലൂടെയാണ്.

പ്രവീണ്‍ കുമാര്‍ അവസാന ഏകദിന മത്സരം കളിച്ചതും 2012ല്‍ പാകിസ്ഥാനെതിരെ തന്നെയാണ്. 2012ല്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലായിരുന്നു താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.

പ്രവീണ്‍ കുമാര്‍ ഒരു കാലത്ത് സ്വിംഗ് ബോളിംഗിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന താരമാണ്. പരിക്കാണ് പ്രവീണ്‍ കുമാറിന്റെ കരിയറിനെ തകര്‍ത്തത്.

Exit mobile version