സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍ നേടി. 73 റണ്‍ നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോംപാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 10 ഓവറില്‍ 66 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് നേടിയത്. കുല്‍ദീപ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി. ഷമി വിക്കറ്റ് നേടിയില്ലെങ്കിലും 10 ഓവറില്‍ 46 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.
അതേസമയം, മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണറായ ശിഖര്‍ ധവാനെ തുടക്കത്തില്‍ തന്നെ നഷ്ടമായി. നേരിട്ട ആദ്യപന്തില്‍ തന്നെ ബ്രെഹ്ന്ഡോഫിനാണ് ധവാന് വിക്കറ്റ് നല്കി മടങ്ങിയത്. ആറ് പന്ത്ില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത കോഹ്ലിയും 12 പന്ത് നേരിട്ട് റണ്‍സെടുക്കാതെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. സ്കോര്‍:4/1
നേരത്തെ, ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസീസിന് 41 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമാവുകയായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചി(6)നെ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയപ്പോള്‍, അലക്സ് കാരി (24)യെ കുല്‍ദീപ് യാദവ് സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഭുവനേശ്വറിന്റെ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് ഫിഞ്ച് പുറത്തായത്. ഓഫ് സ്റ്റംപിന് ലക്ഷ്യമാക്കി വന്ന പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്ത് ഫിഞ്ചിന്റെ മിഡില്‍ സ്റ്റംപെടുത്തു.
പിന്നാലെ ചേര്‍ന്ന ഉസ്മാന് ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54) കൂട്ടുക്കെട്ടാണ് പിന്നീട് ഓസീസിനെ കാലുറപ്പിച്ച് നിര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഖ്വാജയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ ആയി. പിന്നീട് കളത്തിലിറങ്ങിയ പീറ്റര്‍ ഹാന്‍ഡ്കോംപ്സ് ഓസീസിന് നിര്‍ണായക സംഭാവന നല്കി. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു.
മാര്‍ഷിനെ കുല്‍ദീപ് ലോങ് ഓണില്‍ ഷമിയുടെ കൈകളില്‍ എത്തിച്ചു. പിന്നീടെത്തിയ മാര്‍കസ് സ്റ്റോയ്നിസി (47)ന്റെ ഇന്നിങ്സും റണ്‍ നിരക്ക് കൂട്ടി. അതിനിടയില്‍ ഹാന്‍ഡ്സ്കോംപിനെ ഭുവനേശ്വര്‍, ധവാന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്സ്വെല് (11) പുറത്താവാതെ നിന്നു.
Discussion about this post