മുംബൈ: ഐപിഎൽ താരലേലത്തിനു മുൻപായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത് കോടികളുടെ ഇടപാടെന്ന് മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പുറത്തുവന്ന കണക്കുകളല്ലാതെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഹാർദിക് പാണ്ഡ്യയെ ട്രാൻസ്ഫർ ചെയ്തതോടെ ഗുജറാത്ത് ടൈറ്റൻസ് ഉടമകളായ സിവിസി ക്യാപിറ്റൽസിന് ഓക്ഷൻ പഴ്‌സിൽ 15 കോടി രൂപ മാത്രമല്ല ലഭിച്ചതെന്നാണ് വിവരം.
ഈ ട്രാൻസ്ഫർ ഇനത്തിൽ ഗുജറാത്തിന് ഏകദേശം നൂറു കോടിയോളം രൂപ ലഭിക്കുമെന്നാണു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലേക്കുള്ള തിരിച്ചുവരവിൽ ഹാർദിക് പാണ്ഡ്യയ്ക്കു ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചു. ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയെ സ്ഥാനത്ത് നിന്ന് നീക്കിയാണ് മുംബൈ ഹാർദിക്കിനു ക്യാപ്റ്റൻസി നൽകിയത്.
തിരിച്ചെത്തിയാൽ തനിക്ക് ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നെന്ന വിവരവും പിന്നീടു പുറത്തുവന്നു. 2021 ൽ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തപ്പോൾ 15 കോടി ചെലവാക്കിയാണു ഗുജറാത്ത് ടൈറ്റൻസ് താരത്തെ വാങ്ങിയത്.
രണ്ടു സീസണുകളിൽ ഗുജറാത്തിനെ നയിച്ച പാണ്ഡ്യ 2022 ൽ ടീമിനെ കിരീടത്തിലെത്തിക്കുകയും കഴിഞ്ഞ സീസണിലും ഫൈനലിലെത്തിക്കുകയും ചെയ്തു. ടൈറ്റൻസിനൊപ്പം 31 ഐപിഎൽ മത്സരങ്ങൾ കളിച്ച പാണ്ഡ്യ 833 റൺസും 11 വിക്കറ്റുകളുമാണു നേടിയത്.