ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യെ തിരികെ മുംബൈ ഇന്ത്യൻസിൽ എത്തിക്കുകയും ക്യാപ്റ്റനായി അവരോധിക്കുകയും ചെയ്തതോടെ ആരാധകരെല്ലാം രോഷം പ്രകടിപ്പിച്ചിരുന്നു. മുംബൈ ഇന്ത്യൻസിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും ഫോളോവേഴ്‌സിന്റെ വലിയ കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്.
2024ലെ ഐപിഎൽ ട്രോഫി ഉയർത്തി എല്ലാ പ്രതിഷേധങ്ങളും അവസനിപ്പിക്കാമെനന് കണക്ക് കൂട്ടിയ മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഇനിയും കാത്തിരിക്കണമെന്നാണ് റിപ്പോർട്ട്. താരത്തിന് 2024 ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ പന്ത് തടഞ്ഞിടാനുള്ള ശ്രമത്തിൽ കാൽക്കുഴയ്ക്കേറ്റ പരിക്കാണ് ഹാർദികിന് തിരിച്ചടിയായിരിക്കുന്നത്. ഈ പരിക്ക് മുംബൈക്കും വലിയ ഇരുട്ടടിയായിരിക്കുകയാണ്. ഐപിഎൽ താരലേലത്തിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക്കിനെ മുംബൈ ട്രേഡ് ചെയ്ത് സ്വന്തമാക്കുകയായിരുന്നു. തൊട്ടുപിന്നാലെ, രോഹിത് ശർമയ്ക്ക് പകരം ഹാർദിക്കിനെ മുംബൈ തങ്ങളുടെ ക്യാപ്റ്റനായും നിയമിച്ചു.
ഒക്ടോബർ 19-ന് സംഭവിച്ച പരിക്ക് കാരണം ഹാർദികിന് ലോകകപ്പ് മത്സരങ്ങളും അതിനു ശേഷം ഓസ്ട്രേലിയക്കെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും നടന്ന നിശ്ചിത ഓവർ പരമ്പരകളും എല്ലാം നഷ്ടമായിരുന്നു.
അഫ്ഗാനിസ്താനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയും ഹാർദിക്കിന് നഷ്ടമാകും. പിന്നാലെയാണ് പരിക്ക് ഗുരുതരമായതിനാൽ ഐപിഎല്ലും നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.